സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യ – സല്‍മാന്‍ ഖാനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തില്ലെന്നു പൊലീസ്.

42

മുംബൈ : സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തില്ലെന്നു പൊലീസ്. ആത്മഹത്യയുമായി ബന്ധപ്പെട്ടു കുടുംബാംഗങ്ങള്‍, സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങി 35ലേറെ പേരുടെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി, സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തി, കാസ്റ്റിങ് ഡയറക്ടര്‍ മുകേഷ് ഛബ്ര, നടന്‍ സഞ്ജന സംഘി, യാഷ് രാജ് ഫിലിംസിന്റെ കാസ്റ്റിങ് ഡയറക്ടര്‍ ഷാനൂ ശര്‍മ തുടങ്ങിയവരുടെ മൊഴികള്‍ പൊലീസ് എടുത്തിരുന്നു.

കഴിഞ്ഞയാഴ്ച സെലിബ്രിറ്റി മാനേജര്‍ രേഷ്മ ഷെട്ടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. നേരത്തെ സല്‍മാന്റെ മാനേജരായിരുന്നു രേഷ്മ. തുടര്‍ന്നു സല്‍മാനെയും വിളിച്ചുവരുത്തുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നു. ഇതു സത്യമല്ലെ ന്നാണ് ഡിസിപി ഇപ്പോള്‍ വ്യക്തമാക്കിയത്. സുശാന്തിന്റെ മരണം സിനിമയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചു വലിയ ചര്‍ച്ചകളാണു സൃഷ്ടിച്ചത്.

ബോളിവുഡിലെ വമ്പന്മരുടെ സ്വജനപക്ഷപാതവും അവസരങ്ങള്‍ കിട്ടുന്നതിലെ പ്രയാസവും സുശാന്തിനെ അലട്ടി യിരുന്നതായും വിഷാദത്തെത്തുടര്‍ന്നാണ് അദ്ദേഹം ജീവനൊടുക്കിയതെന്നും ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു.ആരോപണം വലിയ ചര്‍ച്ചയാവുകയും കേസ് അന്വേഷണം ആ വഴിയിലേക്കും തിരിയുകയും ചെയ്തു.

സുശാന്തിന്റെ മരണത്തില്‍ സല്‍മാന്‍ ഖാന്‍, ഏക്ത കപൂര്‍, സഞ്ജയ് ലീല ബന്‍സാലി, കരണ്‍ ജോഹര്‍ എന്നീ പ്രമുഖര്‍ ക്കെതിരെ കേസെടുക്കണമെന്ന് അഭിഭാഷകന്‍ സുധീര്‍കുമാര്‍ ഓജ കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി ഇതു തള്ളിയിരുന്നു. ജൂണ്‍ 14ന് ആണ് 34കാരനായ സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

NO COMMENTS