കാസറഗോഡ് : പ്രകൃതി ദുരന്തങ്ങള്‍ ഭീഷണിയുടെ നിഴലുമായി ഉയര്‍ന്നു വരുന്ന വേളയില്‍ ജൈവവൈവിധ്യ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് കൂടുതല്‍ ജനകീയമായ വഴികളില്‍. പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രം/വൃക്ഷം’ ആയി പ്രഖ്യാപിക്കുന്നതിന് ജൈവവൈവിധ്യ പരിപാലന സമിതികള്‍ക്ക് (ബിഎംസി) അനുമതി നല്‍കി യുള്ള ഈ ഉത്തരവ് രാജ്യത്ത് തന്നെ പുതുമാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കേരളത്തിലെ ജൈവവൈവിധ്യ കേന്ദ്രങ്ങള്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ കണ്ടെത്തി പൈതൃക കേന്ദ്രങ്ങളാക്കി സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെയാണ് അധികാര വികേന്ദ്രീകരണം നടത്തിയത്. ജൈവ വൈവിധ്യ നിയമം 37-ാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് പ്രാധാന്യമുള്ള പ്രദേശങ്ങളെ പൈതൃക കേന്ദ്രങ്ങളായി വിജ്ഞാപനം ചെയ്യാവുന്നതാണ്.
സര്‍ക്കാരിന്റെ ഈ അധികാരമാണ് നിയമം കൂടുതല്‍ ജനകീയമായി നടപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെംബര്‍ സെക്രട്ടറി ആയിരുന്ന കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍ പറഞ്ഞു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബിഎംസികള്‍ രൂപീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും നിലവില്‍ ഇത്തരം 1200 സമിതികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക തലത്തില്‍ ജൈവവൈവിധ്യ സമ്പന്നമായിട്ടുള്ള പ്രദേശങ്ങള്‍, ആവാസ വ്യവസ്ഥകള്‍, വൃക്ഷങ്ങള്‍ എന്നിവയെ പൈതൃക പ്രദേശങ്ങളായി സംരക്ഷിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ബിഎംസികള്‍ക്ക് പ്രത്യേക അധികാരമാണ് ഉത്തരവിലൂടെ കൈവന്നിരിക്കുന്നത്. ഇതിലൂടെ വളരെ സങ്കീര്‍ണപ്രക്രിയകളുള്‍പ്പെട്ട സംരക്ഷണ പ്രവര്‍ത്തനം താഴെതട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തത്തോടെയും പിന്തുണയോടെയും വേഗത്തില്‍ നടപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങള്‍
കര, ഉള്‍നാടന്‍ ജലാശയങ്ങള്‍, തീരപ്രദേശം, സമുദ്രം തുടങ്ങിയ ജൈവവൈവിധ്യത്താല്‍ സമ്പന്നമായ പരിസ്ഥിതി ലോല ആവാസവ്യവസ്ഥകളാണ് ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങള്‍ (ബയോ ഡൈവേഴ്‌സിറ്റി ഹെറിറ്റേജ് സൈറ്റ്). വന്യമായിട്ടുള്ളും, പോറ്റിവളര്‍ത്തുന്നതുമായിട്ടുള്ള ജൈവജാതിയിനങ്ങള്‍, തനതു ജൈവജാതിയിനങ്ങള്‍, മുഖ്യ ജൈവജാതിയിനങ്ങള്‍ (കീസ്റ്റോണ്‍ സ്പീഷീസ്), അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായിട്ടുള്ള ജൈവജാതിയിനങ്ങളുടെ സാന്നിധ്യം, പരിണാമ പ്രാധാന്യമുള്ളവ, വിളകളുടെയും,വളര്‍ത്തുമൃഗങ്ങളുടെയും വന്യബന്ധുക്കള്‍, ഭൂതകാലത്തിലെ ജൈവാവശിഷ്ടങ്ങളടങ്ങിയ ഫോസില്‍ തട്ടുകള്‍, സാംസ്‌കാരിക വൈവിധ്യ പ്രാധാന്യമുള്ള പ്രദേശങ്ങള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും.