ചിക്കാഗോ• കോപ അമേരിക്കയില്‍ മെസ്സിയുടെ ഹാട്രിക്ക് മികവില്‍ പനാമയെ തകര്‍ത്ത് അര്‍ജന്റിന ക്വാര്‍ട്ടറില്‍
68, 78, 87 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. നിക്കോളാസ് ഒട്ടാമെന്‍ഡിയുടെ വകയായിരുന്നു അര്‍ജന്റീനയുടെ ആദ്യഗോള്‍.അവസാന ഗോള്‍ സെര്‍ജിയോ അഗ്യൂറോ (90) നേടി.
പാനമ താരങ്ങള്‍ തുടര്‍ച്ചയായി പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത മല്‍സരത്തിന്റെ ആദ്യപകുതിയില്‍ അര്‍ജന്റീന ഒരു ഗോളിന് മുന്നിലായിരുന്നു. 7-ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയാണ് അര്‍ജന്റീനയുടെ ആദ്യഗോള്‍ നേടിയത്. അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് എടുത്തത് ഏയ്ഞ്ചല്‍ ഡി മരിയ. ഗോള്‍പാകത്തില്‍ മരിയ ഉയര്‍ത്തിവിട്ട പന്തിനെ ഒട്ടാമെന്‍ഡി ഒറ്റക്കുത്തിന് വലയിലിട്ടു. സ്കോര്‍ 1-0. 30-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ആനിബാല്‍ ഗോഡോയ് പുറത്തുപോയതിനെ തുടര്‍ന്ന് 10 പേരുമായിട്ടായിരുന്നു പാനമയുടെ തുടര്‍ന്നുള്ള കളി. പരുക്കന്‍ അടവുകളുടെ ചുവടുപിടിച്ചാണെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ പാനമ പിടിച്ചുനിന്നു.
എന്നാല്‍, 61-ാം മിനിറ്റില്‍ അഗസ്റ്റോ ഫെര്‍ണാണ്ടസിന് പകരമായി മെസി കളത്തിലെത്തിയതോടെ പാനമയുടെ പ്രതിരോധം ചിന്നിച്ചിതറി. കളത്തിലിറങ്ങി എട്ടു മിനിറ്റിനുള്ളില്‍ മെസി ആദ്യവെടി പൊട്ടിച്ചു. പാനമബോക്സിലെത്തിയ പന്ത് ക്ലിയര്‍ ചെയ്യാനുള്ള പ്രതിരോധനിരതാരം മില്ലറിന്റെ ശ്രമം പിഴച്ചു. ഹിഗ്വയിന്റെ ദേഗത്ത് തട്ടിയ പന്ത് മെസിയുടെ മുന്നില്‍. പാനമ ഗോളിയെ കബളിപ്പിച്ച് മെസി അനായാസം ലക്ഷ്യം കണ്ടു.
10 മിനിറ്റിനുശേഷം മെസി വീണ്ടും ലക്ഷ്യം കണ്ടു. ടീമിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കെടുത്ത മെസി സുന്ദരമായൊരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. സ്കോര്‍ 3-0. വീണ്ടും 10 മിനിറ്റിനുശേഷം മെസിയുടെ ഹാട്രിക്ക് ഗോള്‍. മാര്‍ക്കോസ് റോജോയില്‍ നിന്ന് ലഭിച്ച പന്ത് മെസി സ്പര്‍ശത്തിലൂടെ വലയിലെത്തുമ്ബോള് പാനമ ഗോളി വീണ്ടും നിഷ്പ്രഭനായി. മൂന്നു മിനിറ്റിനുശേഷം റോജോയുടെ തന്നെ പാസില്‍ അഗ്യൂറോയും ലക്ഷ്യം കണ്ടതോടെ അര്‍ജന്റീനയുടെ ‘പാനമ വധം’ പൂര്‍ണം!