ജൈവസമ്പത്ത് ഭാവിയുടെ മുതല്‍ക്കൂട്ട് – ജൈവവൈവിധ്യ രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കണമെന്ന് കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍.

40

കാസറഗോഡ് : ജൈവിക വ്യവസ്ഥയുടെ ഫലപ്രദമായ സംരക്ഷണത്തിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാ ക്കുന്ന ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ (പീപ്പിള്‍സ് ബയോഡൈവേഴ്സിറ്റി രജിസ്റ്റര്‍-പിബിആര്‍) കൃത്യമായി സൂക്ഷിക്കണമെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെംബര്‍ സെക്രട്ടറി ആയിരുന്ന കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍ പറഞ്ഞു.

ജൈവവൈവിധ്യ നിയമം 2002, സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങള്‍ 2008 എന്നിവ പ്രകാരം പിബിആര്‍ തയ്യാറാ ക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലുള്ള ജൈവവൈവിധ്യ പരിപാലന സമിതികളുടെ (ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി-ബിഎംസി) ഉത്തരവാദിത്വമാണെന്നും മനുഷ്യസമൂഹത്തിന്റെ നിലനില്‍പ് പരിസ്ഥിതിയുടെ ആരോഗ്യകരമായ തുടര്‍ച്ചയുമായി ബന്ധപ്പെട്ടതിനാല്‍ കാര്യക്ഷമമായ സംരക്ഷണത്തിന് ജൈവസമ്പത്തിന്റെ രേഖപ്പെടുത്തല്‍ അനിവാര്യമാണെന്നും.അദ്ദേഹം പറഞ്ഞു

സംസ്ഥാനത്ത് നിലവില്‍ 1034 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പിബിആര്‍ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. 941 ഗ്രാമപഞ്ചായത്തുകളും 87 നഗരസഭകളും ആറ് കോര്‍പറേഷനുകളുമാണ് പിബിആര്‍ തയ്യാറാക്കിയത്. വയനാടാണ് എല്ലാ ബിഎംസികളിലും പിബിആര്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ ജില്ല.

പിബിആര്‍ നിയമപരമായ ലിഖിതം

പ്രാദേശികമായ സസ്യങ്ങളും ജന്തുക്കളുമുള്‍പ്പെട്ട ജൈവവിഭവങ്ങളെ സംബന്ധിച്ച അറിവ്, അവയുടെ ലഭ്യത, ഔഷധമൂല്യം, മറ്റ് ഉപയോഗങ്ങള്‍, ബന്ധപ്പെട്ട പരമ്പരാഗത അറിവുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രജിസ്റ്ററാണ് പിബിആര്‍. ഇത് തയ്യാറാക്കുന്നത് നാഷണല്‍ ബയോഡൈവേഴ്സിറ്റി അതോറിറ്റിയും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും ചേര്‍ന്ന് തയ്യാറാക്കിയിട്ടുള്ള നിര്‍ദ്ദിഷ്ട മാതൃകയിലാണ്.

ബിഎംസികളാണ് വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, ബന്ധപ്പെട്ട മേഖലയില്‍ അറിവുള്ള വ്യക്തികള്‍ തുടങ്ങിയവരുടെ സഹായത്തോടെ ഈ രേഖ തയ്യാറാക്കേണ്ടത്. ബിഎംസികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന് വേണ്ടി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാതലത്തില്‍ സാങ്കേതിക സഹായ വിഭാഗം (ടെക്നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്-ടിഎസ്ജി) രൂപീകരിച്ചിട്ടുണ്ട്.

ബിഎംസി തയ്യാറാക്കിയ രേഖ ബോര്‍ഡ്, ടിഎസ്ജി എന്നിവയുടെ സഹായത്തോടെയായിരിക്കും വിലയിരുത്തുക. പിബിആര്‍ എന്നത് നിയമപരമായ ലിഖിതമാണ്. അതില്‍ നിന്നാണ് നിയമം പ്രതിപാദിക്കുന്നതു പോലെ ജൈവവിഭവങ്ങളുടെ ഉപഭോഗവും സംരക്ഷണവും എങ്ങനെയായിരിക്കണമെന്ന് ആസൂത്രണം ചെയ്യാന്‍ സാധിക്കുക.

സംരക്ഷണത്തിനും പരിപാലനത്തിനും സാങ്കേതിക സഹായം

ജൈവവൈവിധ്യ സംരക്ഷണത്തിനും പരിപാലനത്തിനും പ്രാദേശിക തലത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പിബിആറില്‍ ഉള്‍പ്പെടുത്തുന്നതിന് ടിഎസ്ജിയുടെ സാങ്കേതിക സഹായം ലഭിക്കുന്നതാണ്. രേഖപ്പെടുത്തിയിട്ടുള്ള സസ്യങ്ങളെയും ജന്തുക്കളെയും ബന്ധപ്പെട്ട പരമ്പരാഗത അറിവുകളെയും അവയുടെ പ്രാദേശിക നാമത്തില്‍ തരംതിരിച്ച് ആധികാരികമായി വിലയിരുത്തുന്നതിന് സഹായം നല്‍കും.

പൈതൃക കേന്ദ്രങ്ങള്‍, കാവുകള്‍, ജലാശയങ്ങള്‍ എന്നിവയുടെ പരിപാലനം, ഫീസ് ശേഖരിക്കുക, നേട്ടങ്ങളുടെ പങ്കുവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളിലും ബിഎംസിക്ക് സഹായം ലഭ്യമാവും. വനം, കൃഷി, തോട്ടകൃഷി, മൃഗപരിപാലനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകള്‍, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍, സ്വയം ഭരണാധി കാരമുള്ള ജില്ലാതല കൗണ്‍സിലുകള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍ (എന്‍ജിഒ), നാട്ടുവൈദ്യന്മാര്‍ തുടങ്ങി വിവിധ മേഖലയില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ജില്ലാതലത്തിലാണ് ടിഎസ്ജികള്‍ പ്രവര്‍ത്തിക്കുന്നത്.

രജിസ്റ്റര്‍ വിവരങ്ങളും സുരക്ഷിതമാക്കണം

ജൈവവൈവിധ്യ രജിസ്റ്ററിന്റെ സൂക്ഷിപ്പുകാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബിഎംസികളാണ്. രജിസ്റ്ററിലെ ജൈവവൈവിധ്യത്തെയും ജൈവവിഭവങ്ങളെയും സംബന്ധിച്ച വിവരങ്ങളും പരമ്പരാഗത വിജ്ഞാനവും പുറമെ യുള്ള വ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കും പ്രാപ്യമാകാതെ സംരക്ഷിക്കേണ്ടതുണ്ട്. രജിസ്റ്റര്‍ പരിപാലനത്തില്‍ ജൈവവൈവിധ്യ നിയമങ്ങള്‍, ചട്ടങ്ങള്‍ എന്നിവയിലെ വ്യവസ്ഥകള്‍ കര്‍ശനമായി പിന്തുടരുണം. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ അതത് വിഷയങ്ങളില്‍ ബാധകമാകുന്ന രീതിയില്‍ അനുവദിച്ച പ്രകാരം മാത്രമേ പിബിആര്‍ വിവരങ്ങള്‍ പുറമേയുള്ള വ്യക്തികള്‍ക്കോ ഏജന്‍സികള്‍ക്കോ നല്‍കാവൂ.

ജൈവവിഭവങ്ങള്‍ വാണിജ്യപരമായ ഉപയോഗത്തിനോ, ജൈവവ്യാപ്തി നിര്‍ണയത്തിനോ, ജൈവ ഉപഭോഗ ത്തിനോ, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി ലഭ്യമാകാതെ കൈവശപ്പെടുത്തരുത്. എന്നാല്‍ തദ്ദേശവാസികള്‍, നാട്ടുവൈദ്യന്മാര്‍, ഹക്കിമുകള്‍ എന്നിവര്‍ക്ക് ഈ നിയമം ഇളവ് ചെയ്തിട്ടുണ്ട്. ജൈവവിഭവങ്ങളെക്കുറിച്ചുള്ള അറിവും വിശദാംശങ്ങളും ആര്‍ക്കൊക്കെ പ്രാപ്യമാക്കിയെന്നും ശേഖരണഫീസ് ചുമത്തല്‍, നേട്ടങ്ങളും അവയുടെ പങ്കുവയ്ക്കലും അടക്കമുള്ള വിവരങ്ങളുടെ ഒരു രജിസ്റ്ററും ബിഎംസി സൂക്ഷിക്കണം.

NO COMMENTS