സൗദിയില്‍ നിന്നും ഹജ്ജിനു പോകുന്ന എല്ലാ ഇന്ത്യക്കാരും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണം

205

സൗദിയില്‍ നിന്നും ഹജ്ജിനു പോകുന്ന എല്ലാ ഇന്ത്യക്കാരും ഇന്ത്യന്‍ ഹജ്ജ് മിഷനില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്നു ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. സൗദിക്കകത്ത് നിന്നും പുറത്ത് നിന്നും തീര്‍ഥാടകരുടെ വിവരങ്ങള്‍ അറിയാന്‍ പാകത്തില്‍ മികച്ച ഓണ്‍ലൈന്‍ സേവനമാണ് ഇത്തവണ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ചെയ്യുന്നത്.
കഴിഞ്ഞ തവണ മിനാ ദുരന്തത്തില്‍ സൗദിക്കകത്ത് നിന്നും ഹജ്ജിനു പോയ ചില ഇന്ത്യക്കാര്‍ മരണപ്പെട്ടിരുന്നു. ഇവരുടെ വിവരങ്ങള്‍ ഇന്ത്യന്‍ ഹജ്ജ് മിഷനില്‍ ഇല്ലാത്തത് കാരണം മൃതദേഹം തിരിച്ചറിയുന്നതിനും മറ്റും കാലതാമസമുണ്ടായി. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തവണ ആഭ്യന്തര തീര്‍ഥാടകരോട് രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ ഹാജി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. മൊബൈല്‍ ആപ്ലിക്കേഷന്റെ പരിഷ്കരിച്ച പതിപ്പ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ്‌ നൂര്‍ ഷെയ്ഖ്‌ പറഞ്ഞു.

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി എത്തുന്ന തീര്‍ഥാടകരുടെ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. തീര്‍ഥാടകരുടെ ടെന്റ്, താമസിക്കുന്ന കെട്ടിടം തുടങ്ങിയവ ഇതിലൂടെ കണ്ടെത്താം. തീര്‍ഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാട്സപ്പ് വഴി അറിയാനുള്ള സൗകര്യവുമുണ്ട്. കൂടാതെ ഹജ്ജ് മിഷന്‍ വെബ്സൈറ്റിലും ഫേസ്‌ബുക്കിലും യൂടൂബ് ചാനലിലും ഹജ്ജ് തീര്‍ഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.

NO COMMENTS

LEAVE A REPLY