പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ 500 പേർക്കു കൂടി സ്വന്തമായി ഭൂമി

38

തിരുവനന്തപുരം : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ജില്ലയിൽ 500 പേർക്കു കൂടി സ്വന്തമായി ഭൂമി. ഇതോടെ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം തിരുവനന്തപുരം ജില്ലയിൽ മാത്രം ഭൂരഹിതർക്കു വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം 2,004 ആയി. തലമുറകളായി ഭൂമി കൈവശംവച്ചനുഭവിക്കുന്നവരും എന്നാൽ പട്ടയമോ മറ്റു രേഖകളോ ഇല്ലാതിരുന്നവരുമായ പാവപ്പെട്ടവരുടെ സ്വപ്‌നങ്ങളാണ് ഇതുവഴി സാക്ഷാത്കരിക്കപ്പെടുന്നത്.

നിയമക്കുരുക്കിലും നൂലാമാലകളിലുംപെട്ടു വർഷങ്ങളായി ഭൂമി ലഭിക്കാതിരുന്ന നിരവധി അപേക്ഷകളിൽ പ്രത്യേക ഇടപെടൽ നടത്തിയാണ് സർക്കാർ ഭൂമി ലഭ്യത ഉറപ്പാക്കിയത്. മണക്കാട് ബണ്ട് പുറമ്പോക്കിൽ താമസിച്ചിരുന്ന 75 പേർക്കു മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ഭൂമി ലഭിക്കുന്നത്. പാവപ്പെട്ടവരായ ഭൂരഹിതർക്ക് അർഹമായതും അവകാശപ്പെട്ടതുമായ ഭൂമി ലഭ്യമാക്കാൻ സർക്കാരിൽ നിക്ഷിപ്തമായ വിവേചനാധികാരം ഉപയോഗിച്ച് പ്രത്യേക ഉത്തരവിറക്കുകയായിരുന്നുവെന്നു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പട്ടയ വിതരണ ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ബാലരാമപുരം, ആറ്റിപ്ര, മണമ്പൂർ വില്ലേജുകളിലും സർക്കാരിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് അർഹതപ്പെട്ടവർക്കു ഭൂമി നൽകാനായത്. ഐ.എസ്.ആർ.ഒയ്ക്കായി പള്ളിയും പള്ളിക്കൂടവും നിലനിന്നിരുന്ന ഭൂമിയും സ്വന്തം കിടപ്പാടവും വിട്ടുനൽകിയ പള്ളിത്തുറ നിവാസികളിൽ ഇനിയും പട്ടയം നൽകാൻ ശേഷിക്കുന്നവർക്കു രേഖകൾ നൽകാനുള്ള നടപടികളെല്ലാം പൂർത്തിയായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പത്തു പേർക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പട്ടയങ്ങൾ വിതരണം ചെയ്തു. താലൂക്ക് അടിസ്ഥാനത്തിൽ നടന്ന ചടങ്ങിൽ ഓരോ നിയോജക മണ്ഡലത്തിലെയും രണ്ടു പേർക്കു വീതം അതത് എം.എൽ.എമാർ പട്ടയങ്ങൾ കൈമാറി. ശേഷിക്കുന്നവർക്ക് ഈ മാസം 17 മുതൽ വില്ലേജ്, താലൂക്ക് ഓഫിസുകൾ മുഖേന പട്ടയങ്ങൾ വിതരണം ചെയ്യും. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി രാവിലെ മുതൽ ഉച്ചവരെ അഞ്ചും ഉച്ചതിരിഞ്ഞ് അഞ്ചും എന്ന ക്രമത്തിൽ പത്തു പേർക്കു വീതമാകും പട്ടയങ്ങൾ വിതരണം ചെയ്യുന്നത്.

NO COMMENTS