കസ്റ്റഡിമരണക്കേസ് : ശ്രീജിവിന്‍റെ മാതാവിനും സഹോദരനും പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ആഭ്യന്തരവകുപ്പ് ഉത്തരവ്

211

കൊച്ചി • പാറശ്ശാല കസ്റ്റഡിമരണക്കേസില്‍, മരണപ്പെട്ട ശ്രീജിവിന്റെ മാതാവിനും സഹോദരനും പത്തുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. ഈ തുക കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കാന്‍ ഡിജിപിക്കു ബാധ്യതയുണ്ട്. കേസില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുന്നതിനുള്ള ശുപാര്‍ശ ഡിജിപി സര്‍ക്കാരിനു നല്‍കണമെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉത്തരവിട്ടു.നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്ബ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിവ് പാറശ്ശാല പൊലീസ് കസ്റ്റ‍ഡിയിലിരിക്കെ വിഷം ഉള്ളില്‍ചെന്നു മരിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇതില്‍ ദുരൂഹതയാരോപിച്ചു സഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റി സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി.
2014 മേയ് 19നു പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിവിനു മര്‍ദനമേറ്റതായും മരണകാരണമായ ക്ഷതമേറ്റതായും അതോറിറ്റി കണ്ടെത്തി. വിഷം കഴിച്ചതായുള്ള പൊലീസ് വാദം പൊള്ളയാണെന്നും, കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മര്‍ദിച്ച്‌ അവശനാക്കി വിഷം കഴിപ്പിച്ചതാണെന്നുമായിരുന്നു കണ്ടെത്തല്‍.
സിഐ ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്നു മര്‍ദിച്ചു. സിപിഒമാരായ പ്രതാപചന്ദ്രനും വിജയദാസും ഇതിനു കൂട്ടുനിന്നു. മഹസര്‍ തയാറാക്കിയ എസ്‌ഐ ബിജുകുമാര്‍ വ്യാജരേഖ ചമച്ചു. പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ബന്ധുക്കള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി.

NO COMMENTS

LEAVE A REPLY