കെ ബാബുവിന്‍റെ വീട്ടിലെ വിജിലന്‍സ് നടപടി : വിഎം സുധീരന്‍ നിലപാട് അറിയിക്കണമെന്ന് ഘടകക്ഷികള്‍

230

കൊച്ചി: മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിന്റെ അനധികൃത സ്വത്ത് സമ്ബാദനവുമായി ബന്ധപ്പെട്ടുളള വിജിലന്‍സ് നടപടികളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയും യുഡിഎഫില്‍ കലഹവും. കെ ബാബുവിന്റെ വീട്ടിലും മകളുടെ ലോക്കറില്‍ നിന്നും ആഭരണങ്ങളും പണവും കണ്ടെടുത്തതോടെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഘടകകക്ഷികള്‍ യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടു. അതെസമയം ബാബുവിനെ സംരക്ഷിക്കണമെന്നും പിന്തുണക്കണമെന്നും ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിക്കൊപ്പം എ ഗ്രൂപ്പ് നേതാവായ ഹസനും രംഗത്തെത്തിയിട്ടുണ്ട്.കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ബാബുവിന്റെ കാര്യത്തില്‍ നിലപാട് അറിയിക്കണമെന്നും ഘടകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.എന്നാല്‍ ഈ മാസം 24ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം തന്റെ നിലപാട് വ്യക്തമാക്കാമെന്നും സുധീരന്‍ മറുപടി പറഞ്ഞു. നേരത്തെ ബാബുവിന്റെ വീട്ടില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ നേതാക്കള്‍ കൊള്ളാത്തവരാണെന്ന് വരുത്തി തീര്‍ക്കാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വിഡി സതീശന്‍ എംഎല്‍എ കുറ്റപ്പെടുത്തി. അഴിമതിക്കെതിരായി ജനവികാരമുളള സാഹചര്യത്തില്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കണമെന്നും വിഡി സതീശന്‍ വിശദമാക്കി.
ബാബുവിനെതിരെ പ്രതികാര നടപടിയാണ് നടക്കുന്നത്. കേസിനെ രാഷ്ട്രീയമായി നേരിടണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയപ്പോള്‍ ബാബുവിനെ സംരക്ഷിക്കണമെന്ന നിലപാടാണ് മറ്റൊരു എ ഗ്രൂപ്പ് നേതാവായ എംഎം ഹസനും കൈക്കൊണ്ടത്. അതെസമയം ബാബുവിനെ ന്യായീകരിച്ച ഹസന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ ജനശ്രീയുടെ യുവജന വിഭാഗമായ യുവശ്രീയുടെ തൃശൂരില്‍ നിന്നുളള മൂന്ന് നേതാക്കള്‍ രാജി പ്രഖ്യാപിച്ചിട്ടുണ്ട്. വിജിലന്‍സിനെ ഉപയോഗിച്ച്‌ ഇടതുസര്‍ക്കാര്‍ രാഷ്ട്രീയമായി പകപോക്കരുതെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും പറഞ്ഞു. നിക്ഷ്പക്ഷമായ അന്വേഷണങ്ങളോട് യോജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY