തിരുവനന്തപുരം : ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം യാഥാർത്ഥ്യമായ മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (ഒക്ടോബർ 1) രാവിലെ 10.30ന് നാടിന് സമർപ്പിക്കും. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന മത്സ്യബന്ധന വകുപ്പ് മന്ത്രി ഗിരിരാജ് സിങ് വിശിഷ്ടാതിഥിയാവും. ഫിഷറീസ്-ഹാർബർ എൻജിനിയറിങ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും.
കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി പ്രതാപ്ചന്ദ്ര സാരംഗി, റവന്യു-ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, കേന്ദ്ര ഫിഷറീസ് വകുപ്പ് സെക്രട്ടറി രാജീവ് രഞ്ജൻ, എം.സി കമറുദ്ദീൻ എംഎൽഎ എന്നിവർ മുഖ്യാതിഥിയാവും. എംഎൽഎമാരായ കെ. കുഞ്ഞിരാമൻ, എൻ.എ നെല്ലിക്കുന്ന്, എം. രാജഗോപാലൻ, വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ചീഫ് എൻജിനിയർ ബി ടി വി കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ, ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ്, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഓൺലൈനായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്.
മഞ്ചേശ്വരത്തെ 22 കിലോമീറ്റർ ദൈർഘ്യം വരുന്ന തീരമേഖലയിൽ മത്സ്യലഭ്യതയും പ്രകൃതിദത്തമായ സൗകര്യങ്ങളും ഒത്തുചേർന്നതും മത്സ്യത്തൊഴിലാളി ആവാസ കേന്ദ്രങ്ങളോട് ചേർന്ന് കിടക്കുന്നതുമായ പ്രദേശത്താണ് ഹാർബർ. തൊഴിലാളികളുടെ ഏറെ നാളത്തെ ആവശ്യം യാഥാർത്ഥ്യമാക്കാൻ അനുമതിക്കായി 2011ലാണ് പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. 48.80 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിക്ക് 2013 ലായിരുന്നു 75 ശതമാനം കേന്ദ്രസഹായത്തോടെ അംഗീകാരം ലഭിച്ചത്.
2014ൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഇപ്പോഴാണ് ഹാർബർ യാഥാർത്ഥ്യമായത്. തുറമുഖം പ്രാവർത്തികമാവുന്നതോടെ പ്രദേശത്തെ 1200 ലധികം മത്സ്യത്തൊഴിലാളികൾക്ക് പ്രത്യക്ഷമായും 4800ലധികം പേർക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിപണനത്തിനും കയറ്റുമതിയിലും ഏർപ്പെട്ട അനുബന്ധ തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതിനും പദ്ധതി സഹായകമാവും.