തിരുവനന്തപുരം∙ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ കമ്മീഷന് കഴിയുന്നില്ലെങ്കില്‍ സ്ഥാപനം കൊണ്ട് എന്തു അര്‍ഥമാണുള്ളതെന്ന് ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.
സ്വന്തം വകുപ്പിലെ സ്ഥാപനങ്ങളുടെ അവലോകന യോഗത്തിലാണ് വനിതാ കമ്മീഷന്റെ കുത്തഴിഞ്ഞ പ്രവര്‍ത്തനത്തെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. കമ്മീഷനെ പ്രതിനിധീകരിച്ച് സെക്രട്ടറിയാണ് ഈ മാസം ആറിന് നടന്ന യോഗത്തില്‍ പങ്കെടുത്തത്. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച ഉദ്യോഗസ്ഥയോട്, സ്ത്രീകളുടെ സംരക്ഷണത്തിനായി കമ്മീഷന്‍ എന്തു ചെയ്തെന്നും കേസുകള്‍ വേഗത്തില്‍ പരിഹരിക്കാന്‍ എന്തു കൊണ്ടാണ് നടപടിയുണ്ടാകാത്തതെന്നും മന്ത്രി ചോദിച്ചു. ഉദ്യോഗസ്ഥ കണക്കുകള്‍ നിരത്തിയെങ്കിലും ഓരോ സംഭവങ്ങളായി എടുത്തുപറഞ്ഞ് മന്ത്രി ആ വാദങ്ങള്‍ തള്ളി. തുടര്‍ന്നാണ്, ഇങ്ങനെ സ്ഥാപനം മുന്നോട്ടുപോകുന്നതില്‍ എന്തര്‍ഥമാണുള്ളതെന്നു മന്ത്രി ചോദിച്ചത്. ആയിരക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന വിഷയത്തില്‍ എങ്ങനെ ഇത്ര ഉദാസീന നയം പുലര്‍ത്താന്‍ കഴിയുന്നുവെന്നും മന്ത്രി വികാരഭരിതയായി ചോദിച്ചു. കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും ഇല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും താക്കീത് നല്‍കിയാണ് ഉദ്യോഗസ്ഥയെ മന്ത്രി മടക്കിയത്.
എന്നാല്‍, വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും കേസുകള്‍ വേഗത്തില്‍ തീര്‍ക്കാന്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നും വനിതാ കമ്മീഷന്‍ സെക്രട്ടറി മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ വീഴ്ച വരുന്നതായാണ് കമ്മീഷന്റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2011ല്‍ 90.96 ശതമാനം കേസുകള്‍ കമ്മീഷന്‍ തീര്‍പ്പാക്കിയപ്പോള്‍ 2011ല്‍ തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം 86.05% ആയി കുറഞ്ഞു. 2013ല്‍ തീര്‍പ്പാക്കിയത് 75.35% കേസുകള്‍. 2014ല്‍ ഇത് 73.13% ഉം 2015ല്‍ 57 ശതമാനവും ആയി കുറഞ്ഞു.
2015ല്‍ 6,255 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതില്‍ 3,560 കേസുകള്‍ മാത്രമേ തീര്‍പ്പാക്കാനായുള്ളൂ. അന്വേഷണവും ഒത്തുതീര്‍പ്പും കൗണ്‍സിലിങും ആവശ്യമുള്ളതിനാലാണ് കേസുകള്‍ തീര്‍പ്പാക്കാന്‍ വൈകുന്നതെന്നാണ് കമ്മീഷന്റെ വിശദീകരണം. വനിതാ കമ്മീഷനു പുറമേ സാമൂഹ്യസുരക്ഷാ മിഷന്റെ പ്രവര്‍ത്തനത്തിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
manorama