കാസര്‍കോട് : സംസ്ഥാനത്തെ ഏറ്റവും വലിയ തീരദേശ പഞ്ചായത്തായ വലിയപറമ്പില്‍ സഞ്ചാരികള്‍ കൂട്ടത്തോടെയെത്തുന്നത് ആശങ്കയുണ്ടാക്കു ന്നതായി സെക്ടറല്‍ മജിസ്ട്രേറ്റ് അറിയിച്ചു. ബീച്ചുകളെല്ലാം തുറന്നെന്ന തെറ്റായ വാര്‍ത്തയെ തുടര്‍ന്നാണ് സന്ദര്‍ശകരുടെ കുത്തൊഴുക്ക്. 10 വയസ്സിന് താഴെയുള്ള കുട്ടികളും 65 വയസ്സ് കഴിഞ്ഞവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവിധ വാഹനങ്ങളിലായി തീരപ്രദേശത്തേക്ക് എത്തുന്നുണ്ട്.
24 കിലോമീറ്റര്‍ നീളമുള്ള കടലോരത്തെ മുഴുവന്‍ പ്രദേശങ്ങളിലുമെത്തി സന്ദര്‍ശകരെ നിയന്ത്രിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ തീരദേശത്തിന്റെ പ്രവേശന കവാടങ്ങളായ മാവിലാകടപ്പുറം, വലിയപറമ്പ പാലങ്ങളില്‍ സന്ദര്‍ശകരെ തിരിച്ചയക്കാനാണ് തിരുമാനം.
പഞ്ചായത്ത് നോഡല്‍ ഓഫീസര്‍മാരും ലെയ്സണ്‍ ഓഫീസര്‍മാരും ജാഗ്രതാ സമിതിയും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ രംഗത്തുണ്ടാകും.