തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ തിരിച്ചറിയാൻ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾ നടത്താൻ അവസരം. ഒരേ വാർഡിൽ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാർഥികളെയും നാട്ടിൽ മറ്റു പേരുകളിൽ അറിയപ്പെടുന്നവരെയും വോട്ടർമാർക്ക് തിരിച്ചറിയുന്നതിനു വേണ്ടിയാണ് നാമനിർദ്ദേശ പത്രികയിൽ നൽകിയ പേരിനൊപ്പമോ പേരിന് മുന്നിലോ പിന്നിലോ കൂട്ടിച്ചേർക്കലുകൾക്ക് അനുമതി നൽകുന്നത്.
നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതിയായ നവംബർ 23നു വൈകിട്ട് മൂന്നിനു മുൻപായി വരണാധികാരിക്ക് ഇതു സംബന്ധിച്ച അപേക്ഷ സമർപ്പിക്കണം. ജോലി സംബന്ധമായ വിശേഷണം (അഡ്വക്കേറ്റ് – അഡ്വ., ഡോക്ടർ – ഡോ., പ്രൊഫസർ – പ്രൊഫ.), വീട്ടുപേര്, രക്ഷിതാക്കളുടെ പേര്, സ്ഥലപ്പേര് എന്നിവ ചേർക്കാം.