ബുറെവി ചുഴലിക്കാറ്റ് – ഏഴ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുളളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീകഷണ കേന്ദ്രം

57

തിരുവനന്തപുരം : തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുളളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും.

നിലവില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ വടക്കു പടിഞ്ഞാറ് ദിശയിലാണ് ബുറെവിയുടെ സഞ്ചാരപാത. കന്യാകുമാരിക്ക് 320 കിലോമീറ്റര്‍ അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയോടെ ബുറെവി പാമ്പൻ വഴി തമിഴ്‌നാട് തീരത്തെത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം ഇന്ന് ഉച്ചക്ക് ശേഷം തിരുവനന്തപുരം ജില്ലയില്‍ അനുഭവപ്പെട്ട് തുടങ്ങുമെന്നാണ് നിലവിലെ വിലയിരുത്തല്‍. സംസ്ഥാനത്ത് പ്രവേശിക്കും മുമ്ബ് കാറ്റിന്‍റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയില്‍ നാശ നഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

തെക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ബുറെവി ചുഴലിക്കാറ്റിന്റെ ആഘാതം ഏറിയോ, കുറഞ്ഞോ ആകും ഉണ്ടാകുക. ആദ്യം മഴയും തുടര്‍ന്ന് കാറ്റും വീശും. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

NO COMMENTS