കാസറഗോഡ് : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ സഹകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ നല്‍കിയ ഉറപ്പ് പാലിച്ചു. തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം വരെ ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
പോളിംഗ് ബൂത്തുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പോളിംഗ് നടത്തുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും, ഉദ്യോഗസ്ഥരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള ആവശ്യമായ സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാര്‍ക്ക് ജില്ലാ കുടുംബശ്രീമിഷന്‍ മുഖാന്തിരം കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കുന്നതിന് സംവിധാനം ഉറപ്പുവരുത്തിയിട്ടുണ്ട്. വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന്റെ സ്റ്റാള്‍ കുടുംബശ്രീ ക്രമീകരിച്ചിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചവര്‍ക്കുമുള്ള ഭക്ഷണവും ലഭ്യമാണ്. 16ന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
സമ്മതിദായര്‍ക്ക് നിര്‍ഭയമായും നിഷ്പക്ഷമായും വോട്ട് രേഖപ്പെടുത്താനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇതിനോടകം ജില്ലയില്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.കെ. രമേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.