വനിത ശിശുവികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. വനിത ശിശുവികസന/ സാമൂഹ്യനീതി വകുപ്പിലെ അഡീഷണൽ ഡയറക്ടർ (ശമ്പള സ്കെയിൽ 68700-110400)/ ജോയിന്റ് ഡയറക്ടർ (ശമ്പള സ്കെയിൽ 55350-101400) തസ്തികയിലുള്ളവരിൽ നിന്നും തത്തുല്യമായ തസ്തികയിൽ മറ്റ് സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ യോഗ്യരായ അപേക്ഷകർ ഇല്ലെങ്കിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഡെപ്യൂട്ടേഷൻ നിയമനത്തിന് പരിഗണിക്കുന്നതിന് മറ്റ് സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നവരായ അപേക്ഷകർക്ക് എം.എസ്.ഡബ്ല്യൂ/ സോഷ്യൽ സയൻസിലുള്ള ബിരുദാനന്തര ബിരുദം വേണം. ഇതുനു പുറമേ അതിജീവിക്കപ്പെട്ട സ്ത്രീകൾ/ കുട്ടികളുടെ പുനരധിവാസ പ്രവർത്തനങ്ങളിലും പെൺകുട്ടികളുമായി ബന്ധപ്പെട്ട ക്ഷേമ/ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനും പത്ത് വർഷത്തെ പരിചയം വേണം.
നിർഭയ സെല്ലിൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ ജോലി ചെയ്യുവാൻ താൽപര്യമുള്ളതും പദ്ധതി നിർവഹണ രംഗത്ത് 15 വർഷത്തിലധികം മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള എൽ.എൽ.ബി/ എം.എസ്.ഡബ്ല്യൂ ബിരുദം നേടിയിട്ടുള്ള വനിതകൾക്ക് കരാർ നിയമനത്തിനായി അപേക്ഷിക്കാം.
താൽപര്യമുള്ള ഉദ്യോഗസ്ഥർ വകുപ്പ് തലവൻ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള ഡെപ്യൂട്ടേഷൻ അപേക്ഷ, ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കണം.
കരാർ നിയമനത്തിനുള്ള അപേക്ഷയിൽ പൂർണ്ണമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ, സേവനപരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഉൾപ്പെടുത്തണം. അപേക്ഷകൾ വനിത ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ ജനുവരി അഞ്ചിനകം ലഭ്യമാക്കണം.