തിരുവനന്തപുരം : സർക്കാർ പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന ഗുണമേൻമയുള്ള കുപ്പിവെള്ളത്തിന് കേരളത്തിൽ ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് ഉത്പാദനവും വിതരണവും വർധിപ്പിക്കാൻ ആലോചിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അരുവിക്കര സർക്കാർ കുപ്പിവെള്ള പ്ലാന്റിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ള മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. എല്ലാ വീടുകളിലും പൈപ്പ് ലൈനിലൂടെ കുടിവെള്ളം എത്തിക്കുന്നതിന് ജലജീവൻ മിഷൻ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരുവിക്കര പ്ലാന്റിൽ മൂന്ന് ഉത്പാദന ലൈനുകളാണുള്ളത്. ഒരെണ്ണം 20 ലിറ്ററിന്റെ കുപ്പിവെള്ളം നിർമിക്കാനും മറ്റു രണ്ടെണ്ണം ഒന്ന്, രണ്ട്, അര ലിറ്റർ കുപ്പിവെള്ളം നിർമിക്കാനും കഴിയുന്നതാണ്. 20 ലിറ്ററിന്റെ 2720 കുപ്പികൾ പ്രതിദിനം നിറയ്ക്കാൻ കഴിയുന്ന അത്യാധുനിക പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. മറ്റു രണ്ട് ലൈനുകളിൽ മണിക്കൂറിൽ 3600 ലിറ്റർ കുപ്പിവെള്ളം നിർമിക്കാൻ കഴിയും. ഒന്നാം ഘട്ടത്തിൽ 20 ലിറ്ററിന്റെ കുപ്പിവെള്ളം 60 രൂപയ്ക്ക് വിതരണം ചെയ്യും. ഇതിന്റെ വിതരണവും വിപണനവും നടത്തുന്നതിന് കുടുംബശ്രീ തിരുവനന്തപുരം യൂണിറ്റിന്റെ കീഴിൽ സാന്ത്വനം എന്ന പേരിൽ ആറു പേരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമുള്ള കുപ്പികളും പ്ലാന്റിൽ തന്നെ നിർമിക്കും.
ഒരു ലിറ്റർ കുപ്പിവെള്ളത്തിന് അര ലിറ്റർ പാലിനേക്കാൾ വിലയുള്ള കാലമുണ്ടായിരുന്നു. ഇത്തരം സാഹചര്യത്തിൽ മാറ്റം വേണം എന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ പ്രവർത്തിച്ചത്. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപയുണ്ടായിരുന്നപ്പോൾ സർക്കാരിന്റെ ഹില്ലി അക്വ കുപ്പിവെള്ളം 13 രൂപയ്ക്ക് ലഭ്യമാക്കാനായി. ഈ നടപടി കേരളത്തിൽ വ്യാപകമായി സ്വീകരിക്കപ്പെട്ടു. സ്വകാര്യ കമ്പനികൾക്കും ഇത് പിന്തുടരേണ്ടി വന്നു. ജനങ്ങളോടുള്ള കരുതലിന്റെ ഭാഗമായാണ് അരുവിക്കരയിലെ പ്ലാന്റ് വേഗം പൂർത്തീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവിധ ശുദ്ധീകരണ പ്രക്രിയകൾക്ക് ശേഷമാണ് വെള്ളം കുപ്പികളിലാക്കുന്നത്. കാർബൺ, മൈക്രോൺ, അൾട്ര ഫിൽട്ടറിങ്ങുകളും ഓസോണൈസേഷനും വെള്ളം വിധേയമാക്കുന്നു. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിക്കിടയിലും പ്ലാന്റ് പ്രവർത്തനസജ്ജമാക്കിയ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ നടപടിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.