ന്യൂഡല്‍ഹി • കെപിസിസി നേതൃത്വത്തില്‍ ഉടന്‍ മാറ്റം വേണ്ടെന്ന് തീരുമാനം. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം മാത്രം നടപടിയെന്ന് കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്നിക് ഡല്‍ഹിയില്‍ പറഞ്ഞു. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരും. നേതാക്കളെ പരസ്യമായി വിമര്‍ശിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം.സുധീരന്‍, എ.കെ.ആന്റണി എന്നിവരുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു.
യുഡിഎഫ് ചെയര്‍മാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇനി ഹൈക്കമാന്‍ഡാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോവണമെന്നും സോണിയ ഗാന്ധി നിര്‍ദേശിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം സുധീരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് നടന്ന കെപിസിസി ക്യാംപിലെ വിലയിരുത്തല്‍ സോണിയ ഗാന്ധിയെ സുധീരന്‍ ധരിപ്പിച്ചു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിനു കാരണം കെപിസിസി നേതൃത്വത്തിന്റെ കഴിവുകേടാണെന്ന് തുറന്നടിച്ച് കെ.സുധാകരന്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടായില്ല. യാതൊരുവിധ മുന്നൊരുക്കവുമില്ലാതെയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗ്രൂപ്പുകളെ ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ കെപിസിസി നേതൃത്വം പരാജയപ്പെട്ടു. ഗ്രൂപ്പുകളെ ഒരുമിപ്പിച്ചുകൊണ്ടുപോകേണ്ടത് നേതൃത്വമാണ്. ഈ സാഹചര്യത്തില്‍ കെപിസിസി അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തയാറാകുമെന്നാണ് പ്രതീക്ഷ. പിണറായി ഭരിക്കുമ്ബോള്‍ കോണ്‍ഗ്രസിന് വൈബ്രന്റായ നേതൃത്വം വേണമെന്നും സുധാകരന്‍ പറഞ്ഞു.
കെപിസിസി നേതൃത്വത്തിനെതിരെ ശക്തമായ നിലപാടുമായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനും രംഗത്തെത്തി. വ്യക്തികളുടെ ഇമേജ് കൊണ്ടുകാര്യമില്ലെന്ന് വാഴയ്ക്കന്‍ പറഞ്ഞു. കൂട്ടായ ഇമേജ് ഉണ്ടാകണം. പാര്‍ട്ടിക്കാണ് ക്രെഡിറ്റ് ലഭിക്കേണ്ടത്. ഇതാണ് തിരിച്ചടിക്കു കാരണമെന്നും വാഴയ്ക്കന്‍ കൂട്ടിച്ചേര്‍ത്തു.