മലപ്പുറം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് ജാമ്യവ്യവസ്ഥകൾ ലംഘിച്ച് പാണക്കാട്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇബ്രാഹിംകുഞ്ഞ് പാണക്കാട്ട് എത്തിയത്. പാണക്കാട്ട് എത്തിയ അദ്ദേഹം ഹൈദരലി തങ്ങൾ, സാദിഖലി തങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
പി.കെ. കുഞ്ഞാലിക്കുട്ടിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കളമശേരി സീറ്റിന്റെ കാര്യം കുഞ്ഞാലിക്കുട്ടിയുമായി ചർച്ച ചെയ്തതായാണ് സൂചന. എറണാകുളം ജില്ല വിടരുതെന്നായിരുന്നു വ്യവസ്ഥ ലംഘിച്ചായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ യാത്ര.
ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജനുവരി എട്ടിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടിവയ്ക്കണം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എറണാകുളം ജില്ല വിട്ടു പോകരുത്, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി ഇബ്രാഹിംകുഞ്ഞിന് മുന്നില്‍ വച്ചിരുന്നത്.
നവംബര്‍ 26-നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.