നിയമസഭാ തിരഞ്ഞെടുപ്പ്: പ്രത്യേക നിരീക്ഷകർ സംസ്ഥാനത്തെത്തി

70

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പ് നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനതലത്തിൽ മൂന്ന് പ്രത്യേക നിരീക്ഷകരെ നിയമിച്ചു. ജില്ലാതലങ്ങളിലും മണ്ഡലതലങ്ങളിലും നിയോഗിച്ച പൊതു, ചെലവ്, പോലീസ് നിരീക്ഷകർക്ക് പുറമേയാണ് ഇത്തവണ സംസ്ഥാനതലത്തിൽ മൂന്ന് നിരീക്ഷകരെ കൂടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.

പ്രത്യേക പൊതു നിരീക്ഷകൻ, പ്രത്യേക ചെലവ് നിരീക്ഷകൻ, പ്രത്യേക പോലീസ് നിരീക്ഷകൻ എന്നിവരാണ് പുതുതായി എത്തുക. മുതിർന്ന റിട്ട: ഐ.എ.എസ് ഓഫീസറായ ജെ. രാമകൃഷ്ണ റാവുവാണ് പ്രത്യേക പൊതു നിരീക്ഷകൻ. മുതിർന്ന റിട്ട: ഐ.പി.എസ് ഓഫീസറായിരുന്ന ദീപക് മിശ്ര പ്രത്യേക പോലീസ് നിരീക്ഷകനും, മുതിർന്ന റിട്ട: ഐ.ആർ.എസ് ഓഫീസറായ പുഷ്പീന്ദർ സിംഗ് പൂനിയ പ്രത്യേക ചെലവ് നിരീക്ഷകനുമാണ്. ഇവരിൽ പ്രത്യേക പോലീസ് നിരീക്ഷകനും പ്രത്യേക ചെലവ് നിരീക്ഷകനും കേരളത്തിൽ എത്തി. ഇവർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരുമായും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.

പ്രത്യേക നിരീക്ഷകർ ജില്ലകളിലെ സ്ഥിതി വിലയിരുത്താൻ വിവിധ ജില്ലകൾ സന്ദർശിക്കും. ആദ്യഘട്ടത്തിൽ ഇവർ വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാകും സന്ദർശിക്കുക. ഇവിടങ്ങളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായും ജില്ലാ മണ്ഡലം തല പൊതു, ചെലവ്, പോലീസ് നിരീക്ഷകരുമായും ചർച്ചകൾ നടത്തി മാർഗനിർദേശങ്ങൾക്ക് വിധേയമായി സ്വതന്ത്രവും നിഷ്്പക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നുവെന്ന് ഉറപ്പുവരുത്തും.

ജില്ലാതലങ്ങളിലും മണ്ഡലങ്ങളിലും പൊതു, ചെലവ്, പോലീസ് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. പൊതുവായി എല്ലാ മാർഗനിർദേശങ്ങളും പാലിച്ചാണോ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതെന്നാണ് പൊതു നിരീക്ഷകർ വിലയിരുത്തുക. ക്രമസമാധാന, സുരക്ഷാ വിഷയങ്ങൾ സ്വതന്ത്രവും നീതിപൂർവവുമായി നടക്കുന്നുണ്ടോയെന്ന് പോലീസ് നിരീക്ഷകർ വിലയിരുത്തും. സ്ഥാനാർഥികളുടെ ദൈനംദിന ചെലവ് കണക്കുകൾ ചെലവ് നിരീക്ഷകർ വിലയിരുത്തും. സംസ്ഥാനത്ത് ആകെ 70 പൊതു നിരീക്ഷകരും 20 പോലീസ് നിരീക്ഷകരും 40 ചെലവ് നിരീക്ഷകരുമാണുള്ളത്. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് ഒരു ചെലവ് നിരീക്ഷകൻ കൂടിയുണ്ട്.

NO COMMENTS