മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ ഒരു ശക്തനായ എതിരാളിയല്ലെന്നും ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ടതല്ലെന്നും ഫിറോസിനുള്ള മറുപടിയായി എൽഡിഎഫ് സ്ഥാനാർഥി കെ.ടി. ജലീൽ.
ഓരോ പൊതുപ്രവർത്തകനും കാലങ്ങളായി ചെയ്തു വരുന്നതാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ. നാടിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നവർ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. തവനൂരിലെ ജനങ്ങൾക്ക് തന്നെയും തന്റെ പ്രവർത്തനങ്ങളെയും നന്നായി അറിയാമെന്നും ജലീൽ പറഞ്ഞു.
ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ പാർട്ടി നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് വീണ്ടും തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്. സിപിഎമ്മിന് മികച്ച മുന്നേറ്റം ഉണ്ടാകുമെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.