കോഴിക്കോട്: ഭക്ഷ്യ കിറ്റിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമീഷനെ നുണപറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പ്രതിപക്ഷം പ്രതികാരപക്ഷത്തിരുന്ന് ജനങ്ങളുടെ അന്നം മുടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യകിറ്റുകള്‍ സൗജന്യമല്ല, അവരുടെ അവകാശമാണ്. ഇത്തരം ഇടപെടലുകള്‍ സര്‍ക്കാര്‍ ഇനിയും തുടരും. ഭക്ഷ്യക്കിറ്റ് വിതരണമൊക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് എത്രയേ മുമ്ബ് തീരുമാനമെടുത്തതാണ്. ക്ഷേമ പെന്‍ഷന്റെ കാര്യത്തിലും പ്രതിപക്ഷ നേതാവ് നുണ പറയുകയാണെന്നും പിണറായി ആരോപിച്ചു.
കോവിഡ്, പ്രളയ കാലങ്ങളെ ജനം അതിജയിച്ചത് സര്‍ക്കാരിെന്റ ഇത്തരം ഇടപെടലുകളിലൂടെയാണ്. പറഞ്ഞു പറഞ്ഞ് ഇനി ശമ്ബളവും നല്‍കാന്‍ പാടില്ലെന്ന് പ്രതിപക്ഷം പറയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ആഘോഷങ്ങള്‍ക്ക് മുമ്പായി കഴിഞ്ഞ വര്‍ഷങ്ങളിലും ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് പുതിയ കാര്യമല്ല. അടുത്ത ഭരണം കിട്ടിയാല്‍ പൊതുവിതരണ സംവിധാനം വിപുലപ്പെടുത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജനകീയ ഹോട്ടലുകള്‍ സ്ഥാപിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.