തിരുവനന്തപുരം ; നിയമസഭാ തെരഞ്ഞെടുപ്പി ന്റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽ പ്പെട്ട ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ടെടുപ്പ് മാർച്ച് 30ന് അവസാനിക്കും. സ്പെഷ്യൽ പോസ്റ്റൽ വോട്ടിങ് സെന്ററുകളിൽ ഇന്നു രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ തപാൽ വോട്ട് ചെയ്യാൻ അവസരമുണ്ടാകു മെന്നും ഈ വിഭാഗത്തിൽപ്പെട്ട അർഹരായ എല്ലാ സമ്മതിദായകരും വോട്ട് രേഖപ്പെടുത്തണ മെന്നും ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അഭ്യർഥിച്ചു.
80 വയസിനു മുകളിൽ പ്രായമുള്ളവർ, കോവിഡ് പോസിറ്റീവായവർ, ക്വാറന്റൈനിൽ കഴിയുന്നവർ, വികലാംഗർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ആബ്സന്റീ വോട്ടേഴ്സിനുള്ള പോസ്റ്റൽ വോട്ടിങ് പ്രക്രിയ ജില്ലയിൽ പുരോഗമിക്കുകയാണ്.
അവശ്യ വിഭാഗത്തിൽപ്പെട്ടവരും പോളിങ് ദിനമായ ഏപ്രിൽ ആറിന് ഡ്യൂട്ടിയുള്ളവരുമായ ജീവനക്കാർ പോസ്റ്റൽ ബാലറ്റിനു നൽകിയ അപേക്ഷ വരണാധികാരികൾ പരിശോധിച്ച് അർഹരായവരെ എസ്.എം.എസ്. മുഖേനയോ ബന്ധപ്പെട്ട വകുപ്പിലെ നോഡൽ ഓഫിസർ മുഖേനയോ ബി.എൽ.ഒ മുഖേനയോ വോട്ട് രേഖപ്പെടുത്തേണ്ട ദിവസവും സമയവും പോസ്റ്റൽ വോട്ടിങ് സെന്റർ സംബന്ധിച്ച വിവരങ്ങളും ഇതിനോടകം അറിയിച്ചിട്ടുണ്ട്.
ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും പ്രത്യേക പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചവരിൽ അർഹരായവർക്ക് തപാൽ വോട്ടിനു മാത്രമായിരിക്കും അവസരം. ഇവർക്ക് ഏപ്രിൽ ആറിന് ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല.
വോട്ട് രേഖപ്പെടുത്തുന്നതിന് എത്തുന്ന ജീവനക്കാർ അവരവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈവശം കരുതണം. ബാലറ്റ് പേപ്പറും സത്യപ്രസ്താവന അടക്കമുള്ള അനുബന്ധ ഫോമുകളും പോസ്റ്റൽ വോട്ടിങ് സെന്ററുകളിൽനിന്നു ലഭിക്കും.
സത്യപ്രസ്താവന അറ്റസ്റ്റ് ചെയ്യുന്നതിന് പോസ്റ്റൽ വോട്ടിങ് സെന്ററിൽ ഗസറ്റഡ് തസ്തികയിലെ ജീവനക്കാരന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.