ചൂടു കൂടുന്നു; ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

22

കാസറഗോഡ് ” അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇനിയും ചൂട് വര്‍ധിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇതിനെ തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായകമായ പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരമൊരു അവസ്ഥയെയാണ് സൂര്യാഘാതം.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍

വളരെ ഉയര്‍ന്ന ശരീരതാപം (103 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളില്‍), വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം , നേര്‍ത്ത വേഗതയിലുള്ള നാഡിമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേത്തുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. സൂര്യാഘാതം മാരകമാകാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുകയും ചികിത്സ തേടുകയും വേണം.

സംശയം തോന്നിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

· ജോലി ചെയ്തു കൊണ്ടിരിക്കുന്ന വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക/വിശ്രമമെടുക്കുക.

· തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കണം, വീശുക, ഫാന്‍, എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കണം.

· ധാരാളം വെള്ളം കുടിക്കണം.

· കട്ടി കൂടിയ വസ്ത്രങ്ങള്‍ ഉപയോഗിക്കരുത്.

· സൂര്യാഘാതം ഏറ്റയാളെ കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്ത് / ആശുപത്രിയില്‍ എത്തിക്കണം.

സൂര്യാഘാതം വരാതിരിക്കാന്‍:

· വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കണം. ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2-4 ഗ്ലാസ്സ് വെള്ളം കുടിയ്ക്കണം.

· ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞി വെള്ളവും ഉപ്പിട്ട നാരാങ്ങാ വെള്ളവും കുടിക്കാന്‍ ശ്രമിക്കണം.

· വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ജോലി സമയം ക്രമീകരിക്കണം. ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ച് കഴിഞ്ഞ് 3 മണി വരെയുള്ള സമയം വിശ്രമിക്കുകയും രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുകയും ചെയ്യണം.

· കട്ടി കുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കണം.

· ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേയ്ക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യണം.

· കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കരുത്.

· ചൂടുകൂടുതല്‍ ഉള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കണം.

· വീടിനകത്ത് ധാരാളം കാറ്റ്കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പ്രത്യേകിച്ച് ടിന്‍/ആസ്ബറ്റോസ് മേല്‍ക്കൂരയാണെങ്കില്‍ ) പുറത്ത് പോകത്തക്ക രീതിയില്‍ വാതിലുകളും ജനലുകളും തുറന്ന് ഇടണം.

· വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ടു പോകരുത്.

NO COMMENTS