കന്‍സാസ്: ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ജീവിതം മടുത്ത 70കാരന്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ കണ്ടെത്തിയത് വിചിത്രമായൊരു വഴിയായിരുന്നു. ബാങ്ക് കൊള്ളയടിക്കുക.പിന്നെ പോലീസ് എത്തുന്നതുവരെ അവിടെതന്നെ കാത്തിരിക്കുക, ജയിലില്‍ പോയി ബാക്കിയുള്ള കാലം മന:സമാധാനത്തോടെ ജീവിക്കുക. അമേരിക്കയിലെ കന്‍സാസ് സിറ്റി സ്വദേശിയായ ലാറി റിപ്പിള്‍ എന്ന 70കാരനാണ് ഈ സാഹസം ചെയ്തത്. ഭാര്യയ്ക്കൊപ്പം ഇനി ഒരു നിമിഷംപോലും ചെലവഴിക്കാനാവാത്തതുകൊണ്ടാണ് താന്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് റിപ്പിള്‍ പോലീസിനോട് തുറന്നുസമ്മതിക്കുകയും ചെയ്തു.കന്‍സാസ് സിറ്റിയിലെ ബാങ്ക് ഓഫ് ലേബറിലെത്തിയ ലാറി റിപ്പിള്‍ തന്റെ കൈവശം തോക്കുണ്ടെന്നും പണം മുവുവന്‍ തനിക്ക് കൈമാറണമെന്നും എഴുതി കുറിപ്പ് ക്യാഷിയര്‍ക്ക് കൈമാറി. ഭയന്നുപോയ ക്യാഷിയര്‍ അവിടെയുണ്ടായിരുന്ന 2, 924 ഡോളര്‍ റിപ്പിളിന് കൈമാറി. സാധാരണയായി ഇത്രയും കഴിഞ്ഞാല്‍ മോഷ്ടാവ് സ്ഥലം കാലിയാക്കേണ്ടതാണ്. എന്നാല്‍ റിപ്പിള്‍ എവിടേക്കും ഓടിപ്പോയില്ല. പകരം അവിടുത്തെ ലോബിയില്‍ ചെന്നിരുന്നു. ബാങ്കിലെ സെക്യൂരിറ്റിക്കാരനോട് കുശലം പറഞ്ഞു. ഇതെല്ലാം സിസി ടിവി ക്യാമറയില്ഡ പതിഞ്ഞിട്ടുണ്ട്. കസ്റ്റഡയില്‍ എടുക്കുന്നതുവരെ അവിടെ ഇരുന്ന റിപ്പിളിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് താനും ഭാര്യയും തമ്മിലുള് പിണക്കമാണ് ഇത്തരമൊരു നടപടിക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് റിപ്പിള്‍ പറഞ്ഞത്. ഭാര്യയോട് വഴക്കിട്ടശേഷം ഇനി ഒരു നിമിഷം പോലും താന്‍ ഇവിടെ നില്‍ക്കില്ലെന്നും ഇവിടെ നില്‍ക്കുന്നതിലും ഭേദം ജയിലാണെന്നും പറഞ്ഞാണ് റിപ്പിള്‍ വീടുവിട്ടിറങ്ങിയത്. എന്തായാലും റിപ്പിളിന്റെ ആഗ്രഹം പോലെ തന്നെ പോലീസ് ഇയാളെ വൈന്‍ഡോട്ടെ കൗണ്ടി ജയിലില്‍ അടച്ചു. ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.