കണ്ണൂര്‍: കേരളം സമ്മാനിക്കാന്‍ പോകുന്നത് എല്‍.ഡി.എഫിന് ചരിത്ര വിജയമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളുടെ കരുത്താണ് ഈ തെരഞ്ഞെടുപ്പില്‍ പ്രകടമാകുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലക്കെടുത്തിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ എല്ലാ അപവാദ പ്രചരണങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ശേഷം ഇതേവരെ സ്വീകരിച്ചിട്ടുള്ളത്. അതിന്‍െറ തുടര്‍ച്ചയായി അന്തിമ വിധിയാണ് ഇന്ന് ജനങ്ങള്‍ രേഖപ്പെടുത്തുക.
നേമത്തെ ബി.ജെ.പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യും. മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി അവര്‍ക്ക് വോട്ട് മറിച്ചുകൊടുക്കാന്‍ യു.ഡി.എഫ് നിശ്ചയിച്ചിട്ടുണ്ടോ എന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലമ്ബുഴയിലൊന്നും ഒരു രക്ഷയും ബി.ജെ.പിക്ക് കിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം വ്യക്തമാക്കി.
തുടര്‍ഭരണമുണ്ടാകില്ലെന്നും ശബരിമലയുടെ ശാപമുണ്ടാകുമെന്നുമുള്ള സുകുമാരന്‍ നായരുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം അങ്ങനെ പറയാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാരണം അദ്ദേഹം അയ്യപ്പ വിശ്വാസിയാണ്. മുഴുവന്‍ വിശ്വാസികളും ഈ സര്‍ക്കാറിനോടൊപ്പമാണ്, ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവരോടൊപ്പമാണ് എല്ലാ ദേവഗണങ്ങളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.