സംസ്ഥാനത്തെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കായുള്ള പ്രതിരോധ വാക്സിനുകള്‍ക്കു ക്ഷാമം

194

ആലപ്പുഴ: സംസ്ഥാനത്തെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കായുള്ള പ്രതിരോധ വാക്സിനുകള്‍ക്കു ക്ഷാമം. പ്രധാനമായും ഐ.പി.വി, എം.എം.ആര്‍. വാക്സിനുകള്‍ക്കാണു ദൗര്‍ലഭ്യം നേരിടുന്നത്.
നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന ഐ.പി.വി. (ഇനാക്ടിവേറ്റഡ് പോളിയോ വാക്സിന്‍) മിക്ക പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കിട്ടാനില്ല. ശിശുക്കള്‍ക്ക് ഒന്നര മാസമെത്തുന്പോള്‍ ഡിഫ്തീരിയ, ഹെപ്പറ്റൈറ്റിസ് -ബി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാന്‍ നല്‍കുന്ന പെന്‍റാവലന്‍റ് വാക്സിനും ഓറല്‍ പോളിയോ വാക്സിനും (ഒ.പി.വി) ഒപ്പമാണ് ആദ്യം ഐ.പി.വി. കൊടുക്കുന്നത്. മൂന്നര മാസം കഴിഞ്ഞ് മൂന്നാം ഡോസിനൊപ്പവും ഐ.പി.വി.നല്‍കേണ്ടതാണ്. എന്നാല്‍ പല പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ആവശ്യത്തിന് വാക്സിന്‍ ലഭ്യമാകുന്നില്ല. ഐ.പി.വിയുടെ പായ്ക്കറ്റില്‍ നിര്‍മാണത്തീയതി രേഖപ്പെടുത്താത്തതും ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കാലാവധി തീരുന്ന തീയതി മാത്രമേ ഇവയില്‍ വ്യക്തമാക്കിയിട്ടുള്ളൂ. മുന്പ് പെന്‍റാവലന്‍റ് വാക്സിനിലും നിര്‍മാണത്തിയതി രേഖപ്പെടുത്തിയിരുന്നില്ല. പരാതികള്‍ ഉയര്‍ന്നതോടെയാണ് അതിനു മാറ്റമുണ്ടായത്. ഒന്നര വയസില്‍ നല്‍കേണ്ട എം.എം.ആര്‍ കുത്തിവയ്പിനും പല ആശുപത്രികളിലും ക്ഷാമമാണ്. വില കൂടുതലായതിനാല്‍ മാതാപിതാക്കളില്‍ ബഹുഭൂരിപക്ഷവും പ്രതിരോധ കുത്തിവയ്പുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ എം.എം.ആര്‍. വാക്സിനേഷന്‍ നല്‍കാന്‍ 600 രൂപയ്ക്കടുത്ത് ചെലവാകും.
മുണ്ടിനീര്, അഞ്ചാംപനി, റുബല്ല രോഗങ്ങള്‍ക്കെതിരെയുള്ള എം.എം.ആര്‍. വാക്സിന്‍ ഒന്നര വയസില്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ടതാണ്. സംസ്ഥാനത്ത് വാക്സിന്‍ എത്തുന്നതിലെ കുറവാണ് ക്ഷാമത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

NO COMMENTS

LEAVE A REPLY