കാസർകോട് : നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് രണ്ടിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളി ലായി രാവിലെ എട്ടിന് തുടങ്ങും. വോട്ടെണ്ണലിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ഓൺലൈൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഞ്ചേശ്വരം മണ്ഡലം-കുമ്പള ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കാസർകോട്-കാസർകോട് ഗവ. കോളജ്, ഉദുമ-പെരിയ ഗവ. പോളിടെക്‌നിക് കോളജ്, കാഞ്ഞങ്ങാട്-നെഹ്‌റു കോളജ്, പടന്നക്കാട്, തൃക്കരിപ്പൂർ-തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക് കോളജ് എന്നിവയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
രാവിലെ എട്ട് മണിക്ക് പോസ്റ്റൽ ബാലറ്റുകൾ എണ്ണാൻ തുടങ്ങും. ആദ്യം ഇ.ടി.പി.ബി.എസ് പോസ്റ്റൽ ബാലറ്റുകൾ എണ്ണും. 8.30ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ തുടങ്ങും. മെയ് രണ്ടിന് രാവിലെ 7.59 വരെ തപാലിൽ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ മാത്രം സ്വീകരിക്കും. ഇത് സംബന്ധിച്ച് തപാൽ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
ഓരോ കേന്ദ്രത്തിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണാൻ നാല് ഹാൾ വീതം ഉണ്ടാവും. ഓരോ ഹാളിലും അഞ്ച് ടേബിൾ. ആകെ 20 ടേബിൾ.
പോസ്റ്റൽ ബാലറ്റ് എണ്ണാൻ ഓരോ ഹാൾ വീതം ഉണ്ടാവും. പോസ്റ്റൽ ബാലറ്റിന് മഞ്ചേശ്വരം, കാസർകോട് മണ്ഡലത്തിൽ അഞ്ച് വീതം ടേബിൾ, ഉദുമ, കാഞ്ഞങ്ങാട് 10 വീതം ടേബിൾ, തൃക്കരിപ്പൂർ 18 ടേബിൾ എന്നിങ്ങനെയായിരിക്കും.
മഞ്ചേശ്വരം മണ്ഡലത്തിൽ 336 പോളിംഗ് ബൂത്തുകളുണ്ട്. വോട്ടണ്ണലിന് 17 റൗണ്ട് ഉണ്ടാവും. കാസർകോട് 296 ബൂത്തുകൾ, 15 റൗണ്ട്. ഉദുമ 316 ബൂത്തുകൾ 16 റൗണ്ട്. കാഞ്ഞങ്ങാട് 336 ബൂത്തുകൾ, 17 റൗണ്ട്. തൃക്കരിപ്പൂർ 307 ബൂത്തുകൾ, 16 റൗണ്ട്. ഒരു റൗണ്ടിൽ 20 ബൂത്തുകളാണ് എണ്ണുക.
രാവിലെ 7.45ന് സ്ഥാനാർഥികളുടെയും ഏജൻറുമാരുടെയും സാന്നിധ്യത്തിൽ സ്‌ട്രോംഗ്‌റൂം തുറക്കും. അവരുടെ സാന്നിധ്യത്തിൽ ഇ.വി.എം, പോസ്റ്റൽ ബാലറ്റുകൾ എന്നിവ വരണാധികാരിയുടെ ടേബിളിൽ എത്തിക്കും. വരണാധികാരിയുടെ ചുമതലയിലാണ് വോട്ടെണ്ണൽ നടക്കുക. ഒരു ഹാളിൽ വരണാധികാരിയും മറ്റ് നാല് ഹാളുകളിൽ നാല് സഹവരണാധികാരികളും ഉണ്ടാവും.
ഓരോ റൗണ്ട് വോട്ടെണ്ണലിന്റെ ഫലവും വരണാധികാരി കമ്മീഷന്റെ എൻകോർ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യും. ഈ വിവരങ്ങൾ ക്രോഡീകരിച്ച് കമ്മീഷന്റെ വെബ്സൈറ്റിൽ നേരിട്ട് ഫലം അപ്‌ലോഡ് ചെയ്യും. https://results.eci.gov.in/ എന്ന ഇലക്ഷൻ റിസൽട്ട്‌സ് പോർട്ടലിലാണ് ട്രെൻഡുകളും ഫലവും തൽസമയം ലഭ്യമാവുക. വോട്ടർ ഹെൽപ്‌ലൈൻ (Voter Helpline) മൊബൈൽ ആപ്പിലും ഫലം ലഭിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കായി 885 ജീവനക്കാരെ നിയമിച്ചു. 295 വീതം കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിങ്ങിനെയാണ് നിശ്ചയിച്ചത്. മെയ് രണ്ടിന് രാവിലെ അഞ്ച് മണിക്ക് നടത്തുന്ന റാൻഡമൈസേഷനിലൂടെയാണ് ഇവർ ഏത് ടേബിളിൽ ആണ് ഡ്യൂട്ടി ചെയ്യുക എന്ന് തീരുമാനിക്കുക. വോട്ടെണ്ണൽ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.
കൗണ്ടിംഗ് ഓഫീസർമാർ കയ്യുറയും മാസ്‌കും ഫേസ്ഷീൽഡും ധരിക്കും. കൗണ്ടിംഗ് ഹാളിൽ എത്തുന്ന സ്ഥാനാർഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇതുവരെ ജില്ലയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും മികച്ച സഹകരണമാണ് നൽകിയത്. വോട്ടെണ്ണൽ സുഗമമായി പൂർത്തീകരിക്കുന്നതിന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ട്. ആഹ്ലാദ പ്രകടനങ്ങൾ പൂർണമായും ഒഴിവാക്കും.
വോട്ടെണ്ണൽ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗം അനുവദിക്കില്ല. വോട്ടെണ്ണൽ ഹാളിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ല. കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അനുവദിച്ച മീഡിയ പാസുള്ളവർക്ക് ഫലം അറിയുന്നതിന് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മീഡിയാ സെൻറർ ഒരുക്കിയിട്ടുണ്ട്. കളക്ടറേറ്റിൽ ജില്ലാതല മീഡിയ സെൻററും പ്രവർത്തിക്കും. ഈ മീഡിയ സെൻററുകളിൽ പ്രവേശിക്കുന്നതിന് കോവിഡ് വാക്സിൻ രണ്ടു ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വോട്ടെണ്ണലിന് 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.