ബ്ലാക് ഫംഗസ് സംബന്ധിച്ച് മെഡിക്കൽ ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരുന്ന് ലഭ്യത ഉറപ്പു വരുത്തും. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകൾ വില കൂടിയതാണെങ്കിൽ പോലും കൊടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ബ്ലാക്ക് ഫംഗസ് എന്ന പേരിൽ അറിയപ്പെടുന്ന മ്യൂകർമൈകോസിസ് രോഗവുമായി ബന്ധപ്പെട്ട നിരവധി അശാസ്ത്രീ യവും ഭീതിജനകവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. അത്തരത്തിലുള്ള ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. മ്യൂകർമൈകോസിസ് വളരെ അപൂർവമായ രോഗാവസ്ഥയാണ്. മുൻപ് വിശദമാക്കി യതുപോലെ വളരെ ചുരുക്കം ആളുകളിൽ മാത്രമാണ് ഈ രോഗം ബാധിക്കാറുള്ളത്.നിലവിൽ കാറ്റഗറി സി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള രോഗികളുടെ എണ്ണം കൂടുതലായതിനാൽ ഒരു പക്ഷേ, മ്യൂകർമൈകോസിസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തേക്കാം.
ഗുരുതരമായ പ്രമേഹ രോഗമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണുന്നത് എന്നതിനാൽ അവരെ കോവിഡ് ബാധിച്ചാൽ നൽകേണ്ട ചികിത്സാ മാനദണ്ഡങ്ങൾ കൃത്യമായി ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്. പ്രമേഹ രോഗം നിയന്ത്രണ വിധേയമായി നിലനിർത്താനുള്ള പ്രത്യേക ശ്രദ്ധ രോഗികളുടെ ഭാഗത്തു നിന്നുമുണ്ടാവുകയും വേണം.
വൃദ്ധ സദനങ്ങളിൽ വിവിധ രോഗങ്ങൾ ഉള്ളവർ കാണും. അത് കൃത്യമായ പരിശോധന നടത്തും. സാമൂഹ്യ സുരക്ഷാ, സാമൂഹ്യ ക്ഷേമ വകുപ്പുകൾ ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്തി ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ ശ്രദ്ധിക്കും.
ചില മത്സ്യ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ് എന്നിവിടങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുന്നത് ഗൗരവമായി പരിശോധിച്ച് നിയന്ത്രണ വിധേയം ആക്കണം. ഇതിന് പൊലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും ഇടപെടണം.
കോവിഡ് മൂന്നാം തരംഗം ഉണ്ടാകാൻ സാധ്യതയെന്ന് സാർവദേശീയ തലത്തിലും രാജ്യത്തും ചർച്ച നടക്കുന്നുണ്ട്. വാക്സിനെ അതിജീവിക്കാൻ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് ഒരു കാരണമായേക്കുക. വാക്സിൻ എടുത്തവർക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വം ഉണ്ട്. എന്നാൽ, ഇവരും രോഗവാഹ കരാകാം. വാക്സിൻ എടുത്തവർക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗങ്ങൾ ഉള്ളതിനാലാണ്. അതുകൊണ്ട് അവർ കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. അനുബന്ധരോഗങ്ങളുടെ കാര്യത്തിലും കൂടുതൽ ശ്രദ്ധ പുലർത്തണം.
കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഇതുവരെയുള്ള പരിണാമം നിരീക്ഷിച്ചാൽ അതിന്റെ ഉച്ചസ്ഥായി പിന്നിട്ടതായി അനുമാനിക്കാം. പക്ഷേ, ഉച്ചസ്ഥായി പിന്നിടുന്നതിനു ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും വർദ്ധിക്കുന്നതായി കാണുന്നത്. അതുകൊണ്ട് ആശുപത്രികളെ സംബന്ധിച്ചിടത്തോളം നിർണായകമായ സമയമാണിത്.
രണ്ടാമത്തെ കോവിഡ് തരംഗം പുതിയ ചില പാഠങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള ശക്തമായ സാധ്യതകൾ നിലനിൽക്കേ ഈ അനുഭവങ്ങളെ വിശദമായി വിലയിരുത്തി കൂടുതൽ മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാനുള്ള ശക്തമായ നടപടികൾ സർക്കാർ ഉടൻ ആരംഭിക്കും.
ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പരിപൂർണമായ പിന്തുണയാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ വലിയ നാശം വിതച്ച രണ്ടാം തരംഗത്തെ നമ്മുടെ നാട്ടിൽ പിടിച്ചുനിർത്താൻ സഹായകമായ പ്രധാന ഘടകം. അനേകം വിഷമതകളെ അതിജീവിച്ച് ദൃഢനിശ്ചയത്തോടെ സർക്കാരിനൊപ്പം നിന്നത് ജനങ്ങളാണ്. ഈ ജാഗ്രത കുറച്ചു നാളുകൾ കൂടെ ഇതേപോലെ കർശനമായ രീതിയിൽ തുടരേണ്ടതുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. മലപ്പുറത്തി നായി ആക്ഷൻ പ്ലാൻ നടപ്പാക്കും. അവിടെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പരിശോധന 75,000 ആയി ഉയർത്തും.
മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ പന്തലിൽ മുൻഗണനാ വിഭാഗത്തിൽ പ്പെട്ടവർക്കുള്ള വാക്സിനേഷൻ ആരംഭിച്ചു. ആദ്യ ദിവസം കെഎസ്ആർടിസി ജീവനക്കാർക്കാണു വാക്സിൻ നൽകിയത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റുള്ളവർക്കും വാക്സിൻ ലഭ്യമാക്കും.
വീടുകളിൽ ക്വാറൻറൈനിൽ കഴിയുന്ന കോവിഡ് രോഗികൾ മരുന്നുകൾ കഴിക്കുമ്പോൾ ഡോക്ടർമാരുടെ നിർദേശപ്രകാരം തന്നെയായിരിക്കുക എന്നത് വളരെ പ്രധാനമാണ്. പകരം, സ്വയം ചികിത്സിക്കാനോ, വൈദ്യശാസ്ത്രത്തിൽ നിയമപരമായ അംഗീകാരമില്ലാത്ത വ്യാജ ചികിത്സകരുടെ ചികിത്സ സ്വീകരിക്കാനോ പാടില്ല. അത്തരം രീതികൾ രോഗാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രത്യേകിച്ച് പ്രമേഹ രോഗികളും മറ്റു ഗുരുതര രോഗാവസ്ഥയുള്ളവരും ഇക്കാര്യം വളരെ കർശനമായി പാലിക്കണം.
മൺസൂൺ കാലം ആരംഭിക്കാൻ ഇനി അധിക ദിവസങ്ങളില്ല. കോവിഡ് രോഗവ്യാപനം കൂടി നിലനിൽക്കുന്ന കാലമായതിനാൽ നമുക്കു മുന്നിലുള്ള വെല്ലുവിളി കൂടുതൽ ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തെ മുൻകൂട്ടിക്കണ്ടുകൊണ്ട് ആരോഗ്യസംവിധാനങ്ങളെ സജ്ജമാക്കാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.