ന്യൂഡല്‍ഹി/ശ്രീനഗര്‍ • സര്‍വകക്ഷിസംഘത്തിന്റെ ദൗത്യം പരാജയപ്പെട്ടതോടെ കശ്മീരില്‍ കരസേനയുടെ സാന്നിധ്യം ശക്തമാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പ്രശ്നബാധിതമായ ദക്ഷിണ കശ്മീരിലെ ഗ്രാമ പ്രദേശങ്ങളിലാകും കരസേനയെ പ്രധാനമായും നിയോഗിക്കുക. നിലവില്‍ അര്‍ധ സൈനിക വിഭാഗങ്ങളെയാണ് ഇവിടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിനുശേഷം കശ്മീരീല്‍ ഇതുവരെ സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല. അടുത്തിടെ സര്‍വകക്ഷിസംഘം കശ്മീര്‍ സന്ദര്‍ശിച്ചു പ്രശ്നത്തിനു പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാത്രമല്ല സംഘര്‍ഷത്തിന്റെ മറവില്‍ അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍ ഗ്രാമ പ്രദേശങ്ങളിലാണ് ഒളിച്ചിരിക്കുന്നത്.ഈ സാഹചര്യത്തില്‍ കൂടിയാണ് ഗ്രാമപ്രദേശങ്ങളില്‍ കരസേനയുടെ സാന്നിധ്യം ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കശ്മീരിലെ പ്രക്ഷോഭകാരികളോട് ഇനി മൃദുസമീപനമില്ലെന്നു വ്യക്തമാക്കുക കൂടി ചെയ്യുകയാണു കേന്ദ്രസര്‍ക്കാര്‍. കരസേന നിയന്ത്രണം ഏറ്റെടുത്താല്‍ പൊലീസിന്റെയും മറ്റ് അര്‍ധസൈനിക വിഭാഗങ്ങളുടെയും പ്രസ്കതിയും കുറയും. ഭീകരരെ അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്ന പാക്കിസ്ഥാനുള്ള മുന്നറിയിപ്പുകൂടിയാണ് ഇത്.