നിലമേല്‍ സ്വദേശിനി തൂങ്ങിമരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍.

95

കൊല്ലം ശാസ്താംകോട്ടയില്‍ നിലമേല്‍ സ്വദേശിനി വിസ്മയ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവം കൊലപാതക മെന്ന് ബന്ധുക്കള്‍. ഇന്ന് പുലര്‍ച്ചെയാണ് വിസ്മയ മരിച്ച വാര്‍ത്ത ബന്ധുക്കള്‍ അറിയുന്നത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചു എന്നാണ് അറിയിച്ചത്. സംഭവത്തെ പറ്റി വിശദമായി അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

സ്ത്രീധനത്തിന്‍റെ കാര്യം പറഞ്ഞ് പല തവണ ഭര്‍ത്താവ് കിരണ്‍ കുമാര്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നതായി പെണ്കുട്ടിയുടെ കുടുംബം പറഞ്ഞു. കിരണിന്‍റെ മര്‍ദനത്തില്‍ ഏറ്റ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ ബന്ധുക്കള്‍ക്കു കൈമാറിയിരുന്നു. സഹോദരനും ഭാര്യയുമായി വിസ്മയ നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റിലും മര്‍ദ്ദനത്തിന്‍റെ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിസ്മയയെ വീടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

2020 മെയ് മാസത്തിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കൊല്ലം പോരുവഴി സ്വദേശി കിരണ്‍കുമാറും നിലമേല്‍ സ്വദേശിനി വിസ്മയയും തമ്മിലുളള വിവാഹം. വിസ്മയയ്ക്ക് സ്ത്രീധനമായി ഒരേക്കര്‍ സ്ഥലവും, 100 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപ വിലവരുന്ന വാഹനവുമാണ് കുടുംബം നല്‍കിയത്. എന്നാല്‍ വാഹനത്തിന് പകരം പണം മതി എന്നായിരുന്നു കിരണിന്‍റെ ആവശ്യം. മദ്യപിക്കുന്ന കിരണ്‍ ഇക്കാര്യം പറഞ്ഞു പലതവണ വിസ്മയയെ മര്‍ദ്ദിച്ചിരുന്നു.

ഒരിക്കല്‍ നിലമേലെ സ്വന്തം വീട്ടില്‍ വച്ചും വിസ്മയ മര്‍ദനത്തിന് ഇരയായി. അന്ന് അത് ചോദ്യം ചെയ്ത വിസ്മയയുടെ സഹോദരനെയും കിരണ്‍ മര്‍ദ്ദിച്ചിരുന്നു. ഭര്‍ത്തൃഗൃഹത്തില്‍ പ്രശ്നങ്ങള്‍ തുടര്‍ക്കഥയായ തോടെ വിസ്മയ സ്വന്തം വീട്ടിലേക്ക് താമസം മാറി. എന്നാല്‍ പിന്നീട് ബിഎഎംഎസിന് പഠിക്കുകയായിരുന്നു വിസ്മയ അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞതോടെ ഒരുമിച്ച്‌ താമസിക്കാന്‍ വീണ്ടു തയ്യാറായി കിരണിനൊപ്പം പോയി. എന്നാല്‍ പൊരുത്തക്കേടുകള്‍ വീണ്ടും തുടങ്ങി.

മൃതദേഹം കിരണും കുടുംബവും ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഭൗതികശരീരം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ നില വില്‍ ഒളിവിലാണ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ വനിതാ കമ്മിഷന്നും കേസെടു ത്തിട്ടുണ്ട്.

NO COMMENTS