ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് പതിനേഴുകാരൻ മരിച്ചു .

181

മുംബൈ: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് കൗമാരക്കാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശി പ്രതീക് വഡേക്കര്‍ എന്ന പതിനേഴുകാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതീകിന്റെ ബന്ധുക്കളായ സണ്ണി പവാര്‍, നിതിന്‍ വഡേക്കര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബാംഗങ്ങളില്‍ ഒരാളുടെ മരണാനന്തരചടങ്ങുമായി ബന്ധപ്പെട്ട് ഷിര്‍ദിയിലെത്തിയതായിരുന്നു പ്രതീകും മറ്റുള്ളവരും.

ചടങ്ങുകള്‍ക്കു ശേഷം തിരിച്ച്‌ ഹോട്ടല്‍ മുറിയിലെത്തിയ പ്രതീക്, ബന്ധുക്കളായ സണ്ണിക്കും നിതിനും പതിനൊന്നുകാരനായ ഒരുകുട്ടിക്കും മറ്റൊരു യുവാവിനും ഒപ്പംടിക് ടോക്കില്‍ പോസ്റ്റ് ചെയ്യാന്‍ വീഡിയോ ചിത്രീകരിക്കാന്‍ തീരുമാനിച്ചു. പ്രതീകിന്റെ ബന്ധുക്കളിലൊരാള്‍ കൊണ്ടുവന്ന നാടന്‍തോക്ക് ഉപയോഗിച്ച്‌ വീഡിയോ ചിത്രീകരിക്കാനായിരുന്നു പദ്ധതി. ഇതിനിടെയാണ് പ്രതീകിന് വെടിയേറ്റത്.തോക്കിന്റെ കാഞ്ചി അബദ്ധത്തില്‍ അമരുകയും പ്രതീകിന് വെടിയേല്‍ക്കുകയുമായിരുന്നു- ഷിര്‍ദി പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ കട്‌കേയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രതീക് വെടിയേറ്റു വീണതോടെ മറ്റുള്ളവര്‍ മുറിക്കു പുറത്തേക്കോടി. വെടിയൊച്ച കേട്ടെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരില്‍ ഒരാള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ഹോട്ടല്‍ ജീവനക്കാരെ ഭയപ്പെടുത്തുകയും ചെയ്തു. ശേഷം ഇവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പോലീസ് പ്രതീകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്ബേ മരണം സംഭവിച്ചിരുന്നു- കട്‌കേ കൂട്ടിച്ചേര്‍ത്തു.

സണ്ണിയെയും നിതിനെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് ഒളിവിലാണ്. കേസിലെ നാലാമത്തെ പ്രതി പതിനൊന്നുകാരനാണ്.വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ വെടിപൊട്ടുകയായിരുന്നുവെന്നാണ് സണ്ണിയുടെയും നിതിന്റെയും ഭാഷ്യം. സംഭവത്തെ കുറിച്ച്‌അന്വേഷണം പുരോഗമിക്കുകയാണ്.

NO COMMENTS