തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്‌ബുക്കിലൂടെ ഇടത്തരം-ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പിന്തുണയും പ്രോത്സാഹനവും മേഖലയില്‍ സൃഷ്‌ടിച്ച മാറ്റം വിശദീകരിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി പുതുതായി 36,000 ചെറുകിട സംരംഭങ്ങളും, 3,200 കോടിയോളം രൂപയുടെ നിക്ഷേപവുമാണ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. 1,27,000 തൊഴിലവസരങ്ങളും സൃഷ്‌ടിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്:
പുതുതായി 36,000 ചെറുകിട സംരംഭങ്ങള്‍, 3,200 കോടിയോളം രൂപയുടെ നിക്ഷേപം, ഒരുലക്ഷത്തി ഇരുപത്തിനായിരത്തില്‍പരം തൊഴിലവസരങ്ങള്‍ – ഇടത്തരം-ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍ക്ക് നല്‍കിയ പിന്തുണയും പ്രോത്സാഹനവും സൃഷ്ടിച്ച മാറ്റം വലുതാണ്.വ്യവസായ സൗഹാര്‍ദ കേരളം കെട്ടിപ്പടുക്കുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് മുന്നോട്ടു പോയത്. മുന്‍പുണ്ടായിരുന്ന 7 നിയമങ്ങളിലും 10 ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തി കേരള ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്‌ട് 2018 നടപ്പാക്കി. 2018ലെ യുഎന്‍ – സുസ്ഥിര വികസന ഇന്‍ഡക്സില്‍ വ്യവസായം, നൂതനതാ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ കേരളം മുന്‍നിരയില്‍ എത്തി എന്നുള്ളതും ശ്രദ്ധേയമാണ്.
പ്രളയത്തില്‍ ഉലഞ്ഞ വ്യവസായിക സംരംഭങ്ങളെ സംരക്ഷിക്കുന്നതിനും അവയെ പുനഃസ്ഥാപിക്കുന്നതിനുമായി ‘പുനര്‍ജ്ജനി’ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. 9 ശതമാനം പലിശ നിരക്കില്‍ മൂന്ന് കോടി രൂപ വരെ വായ്പ നല്‍കുന്നതാണ് പദ്ധതി. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് മാത്രം ലഭിച്ചിരുന്ന വായ്പാ സൗകര്യങ്ങള്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ നടത്തുന്ന വ്യവസായ സംരംഭങ്ങള്‍ക്കും ലഭ്യമാവുകയാണ്.
ഇടത്തരം-ചെറുകിട-സൂക്ഷ്മ വ്യവസായ മേഖലയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ദേശീയ അന്തര്‍ദേശീയ വിപണി സജ്ജമാക്കുന്നതിലേക്കായി keralasme.com എന്ന വെബ് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിലെ സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നുണ്ട്.