വിദേശരാജ്യങ്ങളിലെ തൊഴില്‍ നഷ്ടം മുന്‍കൂട്ടിക്കണ്ട് കൂടുതല്‍ വ്യവസായങ്ങള്‍ തുടങ്ങും- മന്ത്രി ശ്രീ എ സി മൊയ്തീന്‍

290

കൊച്ചി: വിദേശ രാജ്യങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്നവരെ മുന്‍നിറുത്തി കൂടുതല്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുമെന്ന് വ്യവസായമന്ത്രി ശ്രീ എ സി മൊയ്തീന്‍ പറഞ്ഞു. തദ്ദേശിയര്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലെ ഇന്ത്യാക്കാര്‍ മടങ്ങി വരേണ്ട സാഹചര്യം സംജാതമാകുന്നുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ ചെറുകിട-സൂക്ഷ്മ വ്യവസായങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായവകുപ്പ് സംഘടിപ്പിച്ച ബിസിനസ് മീറ്റായ വ്യാപാര്‍ 2017 കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിദേശരാജ്യങ്ങളിലേക്ക് മനുഷ്യവിഭവ ശേഷി കയറ്റുമതി ചെയ്യുന്ന സംസ്ഥാനമെന്നാണ് കേരളം പൊതുവെ അറിയപ്പെട്ടിരുന്നത്. ഈ പ്രവണത കുറഞ്ഞു വരുകയാണ്. തൊഴില്‍ വൈദഗ്ധ്യമുള്ള വലിയൊരു വിഭാഗം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയെത്തും. ഇവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ ചെറുകിട-സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് സാധിക്കും. വ്യാപാര്‍ പോലുള്ള മേള ഈ ദിശയിലേക്കുള്ള മികച്ച ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി പാരിസ്ഥിതിക നൂലാമാലകള്‍ ഉള്ള വന്‍കിട വ്യവസായങ്ങളുടെ സാധ്യത കേരളത്തില്‍ കുറഞ്ഞുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലവസരത്തിന്റെ കാര്യത്തിലും ചെറുകിട-സൂക്ഷ്മ വ്യവസായങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരം വ്യവസായങ്ങള്‍ക്ക് അനുമതി ലഭിക്കാനുള്ള ഔദ്യോഗിക ബുദ്ധിമുട്ടുകള്‍ ലഘൂരിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചെറുകിടവ്യവസായങ്ങള്‍ വളരുന്നതിന് സൗഹൃദാന്തരീക്ഷം കേരളത്തില്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എം എല്‍ എ ശ്രീ എസ് ശര്‍മ്മ ചൂണ്ടിക്കാട്ടി. ഒരളവു വരെ വ്യാപാര്‍ 2017 ഇതിന് സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും വ്യവസായ പ്രതിനിധി സംഘം എത്തിയത് ഒരു സൂചനയാണെന്ന് എം പി ശ്രീ കെ വി തോമസ് ചൂണ്ടിക്കാട്ടി. കേരളവുമായി സമാന വ്യവസായ താത്പര്യങ്ങളുള്ള രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ സംഘങ്ങളെ സംസ്ഥാനം സന്ദര്‍ശിക്കാന്‍ ഇത്തരം ബിസിനസ് മീറ്റുകള്‍ സഹായിക്കും. നമ്മുടെ വ്യവസായ സാധ്യതകളെ മെച്ചപ്പെട്ട രീതിയില്‍ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് കെ വി തോമസ് പറഞ്ഞു.

വിദേശരാജ്യങ്ങളിലേക്ക് മാത്രമല്ല, ഇന്ത്യയുടെ വിശാലമായ തീരദേശം കേന്ദ്രീകരിച്ചു കൊണ്ടുള്ള വ്യാപാര സംരംഭങ്ങള്‍ ഉണ്ടായി വരണമെന്ന് വ്യവസായ വകുപ്പ് അഡി ചീഫ് സെക്രട്ടറി ശ്രീ പോള്‍ ആന്റണി പറഞ്ഞു. ചരക്ക് നീക്കം സുഗമമായി നടത്താന്‍ കൊച്ചിയിലെ അന്താരാഷ്ട്ര തുറമുഖം ഉപയോഗപ്പെടുത്താന്‍ സാധിക്കും. ടൂറിസം വകുപ്പിന്റെ മാര്‍ക്കറ്റിംഗ് പോര്‍ട്ടല്‍ വഴിയും വ്യവസായബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ വിദേശപ്രതിനിധികളെ അദ്ദേഹം ആഹ്വാനം ചെയ്തു. കേവലം ബിസിനസ് ചര്‍ച്ചകള്‍ മാത്രമല്ല വ്യാപാറില്‍ നടക്കുന്നത് മറിച്ച് സാങ്കേതിക വിദ്യയുടെ കൈമാറ്റം കൂടിയാണെന്ന് കെ എസ് ഐ ഡി സി എം ഡി ശ്രീമതി ഡോ എം ബീന പറഞ്ഞു. സംസ്ഥാനത്തെ സംരംഭങ്ങള്‍ ഇതുപയോഗപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.

വ്യാപാര്‍ 2017 ല്‍ നടക്കുന്ന ചര്‍ച്ചകളുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക ഇ പ്ലാറ്റ്‌ഫോമിന് രൂപം നല്‍കുമെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞ വ്യവസായ വകുപ്പ് ഡയറക്ടര്‍ ശ്രീ പി എം ഫ്രാന്‍സിസ് പറഞ്ഞു. ഇതു വഴി ബിസിനസ് നിര്‍ദ്ദേശങ്ങളുടെ ഭാവിപ്രവര്‍ത്തനം സുഗമമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ ബിസിനസ് ടു ബിസിനസ് മീറ്റ് നടത്തിയപ്പോള്‍ ആളെ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ച കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ സി ഇ ഒ ശ്രീ വി രാജഗോപാല്‍ പറഞ്ഞു. ഇന്ന് വ്യാപാറിനെ തേടി രാജ്യത്തിനകത്തും പുറത്തു നിന്നും വ്യവസായികള്‍ എത്തുന്ന സ്ഥിതി വിശേഷമായി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ് വഴി ബിസിനസ് ടു ബിസിനസ് മീറ്റുകളില്‍ പങ്കെടുത്ത ഏറ്റവും മികച്ച സെല്ലര്‍ക്കുള്ള പ്രഥമ അവാര്‍ഡ് ചാലക്കുടിയിലെ റാപോള്‍ സാനിപ്ലാസ്റ്റിന് മന്ത്രി സമ്മാനിച്ചു. മുന്‍കൂറായി രജിസ്റ്റര്‍ ചെയ്ത കേരളത്തിനു പുറത്തുനിന്നുള്ള സംരംഭകര്‍ക്ക് മാത്രമായാണ് ഫെബ്രുവരി 2, 3 തീയതികളിലെ ബിസിനസ് മീറ്റിംഗുകള്‍. ഫെബ്രുവരി നാലിന് വ്യാപാര്‍ നടക്കുന്ന സ്ഥലത്ത് സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്കും ഉച്ചവരെ പങ്കെടുക്കാം. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, ഹാന്‍ഡ്‌ലൂംസ് ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് ഡയറക്ടറേറ്റ്, വ്യവസായ വികസന കോര്‍പ്പറേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍, എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മേളയുടെ സംഘാടനച്ചുമതല കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷനാ(കെ-ബിപ്)ണ്. ഫിക്കിയാണ് വ്യവസായ-വാണിജ്യ പങ്കാളി.

മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജി ഷാജന്‍, ഫിക്കി കോ ചെയര്‍മാന്‍ ശ്രീ ദീപക് അസ്വാനി, കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ് ശ്രീ ദാമോദര്‍ അവന്നൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY