കാസര്‍ഗോഡ്: ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചേറ്റുകുണ്ടില്‍ ഉണ്ടായ അക്രമം ചെറുക്കാന്‍ അഞ്ച് റൗണ്ട് വെടിയാണ് പോലീസ് ആകാശത്തേക്ക് ഉതിര്‍ത്തത്. ഡിവൈഎസ്പി നാലു റൗണ്ടും എസ്പി ഒരു റൗണ്ടുമാണ് വെടിവച്ചത്.
ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ റോഡ് കൈയേറി, വനിതാ മതില് തടസപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമികള്‍ സ്ത്രീകള്‍ക്കുനേരെ കല്ലേറുനടത്തുകയും മതിലിനു സമീപം തീയിടുവാനും ശ്രമിച്ചു. കല്ലേറില്‍ ആറു പോലീസുകാര്‍ക്ക് പരിക്കേറ്റു. റെയില്‍വേ പാതയോടു ചേര്‍ന്നുള്ള പുല്ലിനാണ് അക്രമികള്‍ തീയിട്ടത്.
ഇതോടെ പുക വ്യാപിച്ചു. സ്ത്രീകള്‍ക്ക് മതില് തീര്‍ക്കാന്‍ റോഡില്‍ നില്ക്കാന് പറ്റാതെയായി. കല്ലേറും കൂടി ആരംഭിച്ചതോടെ മുക്കാല്‍ കിലോമീറ്ററോളം മതില് തീര്‍ക്കേണ്ടവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് സംഘര്‍ഷം രൂക്ഷമായത്. റോഡില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.