തിരുവനന്തപുരം: ഏതെല്ലാം രീതിയില്‍ സര്‍ക്കാരുമായി നിസഹകരിക്കാം, ഏതെല്ലാം രീതിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താം അതിനൊക്കെ ശ്രമിച്ചുകൊണ്ടിരുക്കുന്ന ഒരുകൂട്ടം ആളുകള്‍ കേരളത്തില്‍ രൂപാന്തരപ്പെട്ടിരിക്കുന്നു എന്നത് അത്യധികം ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും കേരളത്തിലെ ചിലരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണിതെന്നും ശമ്പളം പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്.
ലോകം മുഴുവന്‍ കേരളത്തിന്റെ യോജിപ്പ്, കേരളത്തിന്റെ സോഷ്യല്‍ ക്യാപിറ്റല്‍ എന്നൊക്കെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെയൊക്കെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുറച്ചുപേരുണ്ടെന്നത് വലിയൊരു തിരിച്ചറിവു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ വേതനം താത്കാലികമായി ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്. ശന്പളം മാറ്റിവെയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ശന്പളം പൗരന്റെ സ്വത്താണെന്ന് വ്യക്തമാക്കി.വിധിപ്പകര്‍പ്പ് വന്നതിനു ശേഷം വിശദമായി പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതിയുടെ വിധി കേന്ദ്രസര്‍ക്കാരിനും മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബാധകമാണല്ലോയെന്നും മന്ത്രി ചോദിച്ചു.