കൊച്ചി: ഈ മാസം 28-ന് നടക്കുന്ന ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പ്രവേശന പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ തട്ടം ധരിച്ചു വരുന്നതിന് തടസ്സമില്ലെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച കേരള ഹൈക്കോടതിയില്‍ ലഭിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി എയിംസ് അധികൃതര്‍ നിലപാട് അറിയിച്ചത്. എയിംസ് പരീക്ഷയ്ക്ക് തട്ടം ധരിച്ചു വരാന്‍ തടസ്സങ്ങളൊന്നുമില്ല. എന്നാല്‍ തട്ടം ധരിച്ചു വരുന്നവര്‍ പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുന്‍പേ പരീക്ഷാകേന്ദ്രത്തിലെത്തി പരിശോധനയ്ക്ക് വിധേയരാവണമെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. തട്ടം ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് എംഎസ്എഫ് ഭാരവാഹികളും ഫിദ ഫാത്തിമ, ഐഷ മഷൂറ എന്നീ വിദ്യാര്‍ത്ഥികളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് എയിംസ് നിലപാട് അറിയിച്ചത്. എയിംസിന്റെ വിശദീകരണത്തെ തുടര്‍ന്ന് ഹര്‍ജി തീര്‍പ്പാക്കുന്നതായി ഹൈക്കോടതി അറിയിച്ചു.