ന്യൂഡല്‍ഹി• കശ്മീരില്‍ സൈന്യത്തിനു സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നു മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. ഉറിയിലുണ്ടായതു ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണു ചെയ്യേണ്ടതെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സൈന്യത്തിനു നല്‍കണം. മാത്രമല്ല, കശ്മീര്‍ താഴ്വരയിലെ ജനങ്ങളുടെ ഇടയിലെ വിശ്വാസവും വീണ്ടെടുക്കണം.
പഠാന്‍കോട്ടില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പാഠം പഠിച്ചില്ല. പാക്ക് പട്ടാളത്തിന്റെ പൂര്‍ണമായ സഹകരണത്തോടെയാണ് ഭീകരരെത്തിയത്. അതു മുന്‍കൂട്ടിക്കണ്ട് തന്ത്രങ്ങളും സുരക്ഷയും നാം ഏര്‍പ്പെടുത്തേണ്ടതായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹയത്തോടെയുള്ള ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുകയാണ്.പഠാന്‍കോട്ടാണ് ഇത് ആദ്യമായി സംഭവിച്ചത്. ദിവസങ്ങളോളം അവിടെ ക്യാംപ് ചെയ്ത് ആക്രമണം നടത്തിയത് ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമാണ്.പാക്ക് സൈന്യം ഇന്ത്യയോടു യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. കിട്ടുന്ന അവസരങ്ങളിലെല്ലാം പരിശീലനം ലഭിച്ച ഭീകരരെ ഇന്ത്യയിലേക്ക് അയച്ചുകൊണ്ടിരിക്കും. താഴ്വരയില്‍ കൂടുതല്‍ കലാപമുണ്ടാക്കാന്‍ അവര്‍ പ്രോല്‍സാഹനം നല്‍കുന്നുണ്ട്. ഇതിനെല്ലാമെതിരെ വളരെ ആസൂത്രിതമായി നടപടി സ്വീകരിക്കാന്‍ തയാറാകണം.സൈന്യം മാത്രം വിചാരിച്ചാല്‍ കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ല. താഴ്വരയിലെ പ്രശ്നങ്ങള്‍ കൈവിട്ടു പോകുകയാണ്. കുറച്ചുകൂടെ നേരത്തേ നാം ഇടപെടേണ്ടിയിരുന്നു. താഴ്വരയിലെ ജനങ്ങളുടെ ഇടയില്‍ ഇന്ത്യയ്ക്കെതിരെ പരക്കെ വികാരമുണ്ടായിട്ടുണ്ട്. നേരത്തേ ശ്രീനഗര്‍ പരിസരത്തു മാത്രമായിരുന്നു ഈ കുഴപ്പങ്ങളെല്ലാം. ഇപ്പോള്‍ എല്ലാ ഗ്രാമങ്ങളിലേക്കും ഇതു പടര്‍ന്നുപിടിക്കുകയാണ്. ഭയാനകമായ സാഹചര്യമാണിത്. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് ജനങ്ങളുടെ മനസ്സ് തണുപ്പിച്ചു വിശ്വാസം വീണ്ടെടുക്കണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.