കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി ; ഇടതുപക്ഷവുമായി സഹകരിക്കാന്‍ യുഡിഎഫ് തയ്യാറാണെന്ന്‍ എകെ ആന്റണി

247

ന്യൂഡല്‍ഹി: കഞ്ചിക്കോട് റെയില്‍വെ കോച്ച്‌ ഫാക്ടറി വിഷയത്തില്‍ കേന്ദ്ര അവഗണനക്കെതിരെ ശക്തമായ സമരം രൂപപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഇക്കാര്യത്തില്‍ ഇടതുപക്ഷവുമായി സഹകരിക്കാന്‍ യുഡിഎഫ് തയ്യാറാണെന്നും ആന്റണി പറഞ്ഞു. കോച്ച്‌ ഫാക്ടറി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണം. കോച്ച്‌ ഫാക്ടറി പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ യുഡിഎഫ് എംപിമാര്‍ റെയില്‍ ഭവന് മുന്നില്‍ നടത്തുന്ന ധര്‍ണക്ക് നേത്യത്വം കൊടുത്തു സംസാരിക്കുകയായിരുന്നു ആന്റണി. ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച കോച്ച്‌ ഫാക്ടറിക്ക് രണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് സ്ഥലം ഏറ്റെടുക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇപ്പോള്‍ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങുന്നത് കേരളത്തോട് കാണിക്കുന്ന അനീതിയാണ്. ഇതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ആന്റണി പറഞ്ഞു. റെയില്‍വെ ഭവന്റെ പ്രധാന ഗേറ്റിന് മുന്നില്‍ നടന്ന ധര്‍ണയില്‍ കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍, ഇടി മുഹ്മ്മദ് ബഷീര്‍,കെവി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS