തിരുവനന്തപുരം : കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രുവായ സി.പി.എമ്മിനെ മിത്രമാക്കുകയാണ് ബി.ജെ.പി നയമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ലീഡര്‍ കെ.കരുണാകരന്റെ 100-ാം ജന്മദിനസമ്മേളനം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.പിമാരുടെ എണ്ണം കുറയ്ക്കാന്‍ സി.പി.എമ്മിന്റെ എം.പിമാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കേരളത്തിലെ ബി.ജെ.പിക്ക് നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ചെങ്ങന്നൂരിലെ പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. ഒരു സമുദായിക നേതൃത്വത്തിന്റെയും പിന്തുണയില്ലാതെയിരുന്നിട്ടും ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ നേടിയതിനേക്കാള്‍ രണ്ടായിരം വോട്ട് അധികം നേടി. ഇത് കോണ്‍ഗ്രസ് ദുര്‍ബലമല്ലെന്നതിന് തെളിവാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തനം അടിത്തട്ടില്‍ ശക്തിപ്പെടുത്തണം. കോണ്‍ഗ്രസ് വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടി നേതാക്കളെ വിമര്‍ശിച്ചും ചാനലില്‍ ഉള്‍പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും പരസ്യ പ്രസ്താവനകള്‍ നടത്തിയും പാര്‍ട്ടി പ്രവര്‍ത്തനം നടത്താനാകില്ല. അവ സ്വയം നിയന്ത്രിക്കാന്‍ നേതാക്കള്‍ തയ്യാറാകണം. കോണ്‍ഗ്രസില്‍ നിന്നും അകലുന്ന സമുദായങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും എ.കെ.ആന്റണി പറഞ്ഞു.
കെ.കരുണാകരന്‍ ജീവിച്ചിരുന്നുവെങ്കില്‍ ഇന്നു കേരളത്തില്‍ ബി.ജെ.പിക്ക് വേരോട്ടമുണ്ടാകുമായിരുന്നില്ല. എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായിരുന്നു ലീഡര്‍. ദേശീയ രാഷ്ട്രീയത്തിലെ കിങ്ങ് മേക്കറായിരുന്നു കരുണാകരനെന്നും എ.കെ.ആന്റണി പറഞ്ഞു.