കൊലപാതക രാഷ്ട്രീയത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ചു കേരളം പങ്കിട്ടെടുക്കാന്‍ സിപിഎം- ബിജെപി നീക്കം : എ.കെ.ആന്റണി

170

കോഴിക്കോട് • കൊലപാതക രാഷ്ട്രീയത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ചു കേരളം പങ്കിട്ടെടുക്കാന്‍ സിപിഎമ്മും ബിജെപിയും നീക്കം നടത്തുന്നതായി സംശയിക്കണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ഇരുകൂട്ടരും അക്രമം നിര്‍ത്താത്തതിന്റെ കാരണം അതാണ്. ക്രമേണ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി നേട്ടം കൊയ്യാന്‍ കഴിയുമോ എന്നാണ് ഇവര്‍ നോക്കുന്നത്. ബിജെപി സര്‍വ സന്നാഹത്തോടെയും കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതു സംസ്ഥാനത്തിന്റെ മതനിരപേക്ഷതയ്ക്കു നല്ലതല്ലെന്നും ആന്റണി പറഞ്ഞു.മതനിരപേക്ഷ രാഷ്ട്രീയത്തിനു രാജ്യത്തിനു തന്നെ മാതൃകയാണ് കേരളം. ഇവിടെ വര്‍ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്. അവര്‍ക്കു വളരാന്‍ കഴിയുന്ന രീതിയില്‍ ന്യൂനപക്ഷങ്ങളിലെ ചില വിഭാഗങ്ങള്‍ തീവ്രവാദം വളര്‍ത്താന്‍ ശ്രമിക്കുന്നു.ഇത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരിലെ അക്രമം കൈവിട്ടു പോവുകയാണ്. കൊലപാതകത്തിന്റെ ദുരന്തം മരണപ്പെടുന്നവരുടെ കുടുംബത്തിനു മാത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ മരണത്തില്‍ എന്തെങ്കിലും നഷ്ടബോധം തോന്നിയിരുന്നെങ്കില്‍ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. പൊലീസിനെ സ്വതന്ത്രമാക്കിയാല്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയും. എന്നാല്‍, പാര്‍ട്ടിയെ മറികടന്ന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന സര്‍ക്കാരല്ല ഇപ്പോള്‍ കേരളം ഭരിക്കുന്നത്. സ്വന്തം പ്രവര്‍ത്തകര്‍ കൊല്ലപ്പെടാന്‍ പാടില്ലെന്നു ബിജെപിയും സിപിഎമ്മും തീരുമാനിച്ചാല്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍, രണ്ടു പാര്‍ട്ടികള്‍ക്കും അധികാരത്തിന്റെ അഹങ്കാരമാണ്. ഈ അഹങ്കാരം എതിര്‍ പാര്‍ട്ടിയോടു കണക്കു തീര്‍ക്കാന്‍ ഉപയോഗിക്കുകാണ്. ഇതിനെതിരെ കണ്ണൂരും കേരളവും ഉണരുമെന്നും ആന്റണി പറഞ്ഞു.

NO COMMENTS

LEAVE A REPLY