സംസ്ഥാനത്തെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും പ്രാക്തന ഗോത്രവിഭാഗങ്ങള്‍ക്ക് ഓണക്കോടിയും നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍

262

പാലക്കാട് • സംസ്ഥാനത്തെ 153825 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും 14800 പ്രാക്തന ഗോത്രവിഭാഗങ്ങള്‍ക്ക് ഓണക്കോടിയും നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഓണക്കിറ്റിന് ഒന്നിന് 759 രൂപയാണു ചെലവ്. 15 കിലോ അരി, ചെറുപയര്‍, പഞ്ചസാര, ശര്‍ക്കര, വെളിച്ചെണ്ണ എന്നിവ അരക്കിലോ വീതവും ഉപ്പ് ഒരു കിലോയും പരിപ്പ് (250 ഗ്രാം), മുളകുപൊടി, തേയില എന്നിവ 200 ഗ്രാം വീതവുമാണ് ഓണക്കിറ്റിലുണ്ടാകുക.
കിറ്റുകള്‍ക്കു ചെലവിടുന്ന 11 കോടി രൂപയും ഓണക്കോടിയുടെ ഒന്നേകാല്‍ കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ലഭ്യമാക്കും. പുരുഷന്‍മാര്‍ക്ക് കസവു മുണ്ടും തോര്‍ത്തും (685 രൂപ) സ്ത്രീകള്‍ക്ക് കസവുമുണ്ടും നേരിയതുമാണ് (830 രൂപ) ഓണക്കോടി നല്‍കുക.ഇവ ഹാന്റക്സില്‍ നിന്നു ലഭ്യമാക്കും. ഗോത്രവിഭാഗങ്ങള്‍ക്ക് ഇത് എത്തിച്ചു കൊടുക്കുന്നതിനുള്ള തുക പട്ടിക വര്‍ഗ വികസന വകുപ്പ് ജില്ലാ ഓഫിസര്‍ക്കു അനുവദിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സിവില്‍ സപ്ലൈസ് എംഡിക്കും തുണിത്തരങ്ങളുടേത് ഹാന്റക്സ് എംഡിക്കും നിര്‍ദ്ദേശം നല്‍കി. വിതരണത്തിന്റെ ഏകോപന ചുമതല ജില്ലാ കലക്ടര്‍മാര്‍ക്കാണ്.ഭവനരഹിതരായ പിന്നാക്കവിഭാഗക്കാര്‍ക്കു വീടു വയ്ക്കാന്‍ രണ്ടു കോടി രൂപയും പുരയിടം വാങ്ങി നല്‍കാനായി മൂന്നര കോടി രൂപയും ആദ്യ ഘട്ടം എന്ന നിലയ്ക്ക് അനുവദിച്ചു. വകുപ്പിനു കീഴിലുള്ള വിവിധ അഗതി മന്ദിരങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അരക്കോടി രൂപയോളം അനുവദിച്ചിട്ടുണ്ട്. പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ലംപ്സം ഗ്രാന്‍ഡുകള്‍ 50 ശതമാനം വര്‍ധിപ്പിക്കാനും പട്ടിക വര്‍ഗക്കാര്‍ക്കു വേണ്ടി സമ്ബൂര്‍ണ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിക്കാനും നടപടി ആരംഭിച്ചു. ആദിവാസി ഊരുകളില്‍ സമ്ബൂര്‍ണ വൈദ്യുതീകരണവും കുടിവെള്ള പൈപ്പ് ലൈനും ലക്ഷ്യമിടുന്ന സര്‍ക്കാര്‍ കണ്ണൂര്‍ ജില്ലയിലെ ആലക്കോടും ആറളത്തും ഇതിനുള്ള പൈലറ്റ് പ്രോജക്ടുകള്‍ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ഒരു വര്‍ഷം കൊണ്ടു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍:
• പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും.
• ഭവന നിര്‍മാണത്തിനായി ജനറല്‍ ഹൗസിങ്, എറ്റിഎസ്പി, ഹഡ്കോ, ഐഎവൈ എന്നിവിടങ്ങളില്‍ നിന്ന് അനുവദിച്ച വീടുകള്‍ പൂര്‍ത്തിയാക്കും.
• 5000 വീടുകള്‍ കൂടി പട്ടിക വിഭാഗക്കാര്‍ക്ക് അനുവദിക്കും.
• മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ കൂടുതല്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍.
• വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മൊബൈല്‍ മെഡിക്കല്‍ സര്‍വീസ്.
• കണ്ണൂരിലെ ആറളത്ത് എംആര്‍എസ്.
• കണ്ണൂര്‍ ജില്ലയിലെ ആറളത്തുള്ള ഫാം കമ്ബനി ആദിവാസി തൊഴിലാളികളെ സ്ഥിരപ്പെടുത്തി സാമ്ബത്തിക ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കും.

NO COMMENTS

LEAVE A REPLY