വനിതാ മതിലിലൂടെ ലോകം കണ്ട ഏറ്റവും വലിയ നവോത്ഥാന പ്രതിരോധമാണൊരുങ്ങുന്നതെന്ന് എ. കെ. ബാലൻ

257

തിരുവനന്തപുരം : ലോകം കണ്ട ഏറ്റവും വലിയ നവോത്ഥാന പ്രതിരോധമാണ് ജനുവരി ഒന്നിലെ വനിതാ മതിലിലൂടെ ഒരുങ്ങുന്നതെന്ന് മന്ത്രി എ. കെ. ബാലൻ. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വനിതാ മതിൽ ഒരുങ്ങുമ്പോൾ ചിലർക്ക് കുറച്ച് വിഷമം ഉണ്ടാവും. ഇതിന്റെ പ്രാധാന്യം ഇടിച്ചു താഴ്ത്താനും വിജയിക്കില്ലെന്ന് പ്രചരിപ്പിക്കാനും പലരും ശ്രമിക്കുന്നുണ്ട്. 50 ലക്ഷം വനിതകളെ മതിലിൽ പങ്കാളികളാക്കുമെന്ന് മന്ത്രി പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാർട്ടിയിലുംപെട്ട വലിയൊരു വിഭാഗം ഇതിനെ പിന്തുണയ്ക്കും. വനിതാ മതിൽ ചരിത്രത്തിന്റെ ഭാഗമാകാൻ പോവുകയാണ്. തുല്യനീതി സംരക്ഷിക്കാൻ അടിസ്ഥാന ജനവിഭാഗത്തിന്റെ ജനാധിപത്യാവകാശം സംരക്ഷിക്കപ്പെടണം. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ഗൂഢശ്രമത്തിലാണ് ചില ശക്തികൾ. ഭരണഘടന കത്തിക്കുകയെന്നതാണ് അവരുടെ മുദ്രാവാക്യം. ഭരണഘടനയുടെ ആമുഖത്തിലെ ഒന്നിനോടും അവർക്ക് ആഭിമുഖ്യമില്ല. മതനിരപേക്ഷത അവർക്ക് അന്യമാണെന്ന് മന്ത്രി പറഞ്ഞു.

NO COMMENTS