തിരുവനന്തപുരം • ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്നു സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടില്ലെന്നു മന്ത്രി എ.കെ.ബാലന്‍ നിയമസഭയെ അറിയിച്ചു. വിജിലന്‍സ് ഡയറക്ടറെ മാറ്റുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതിനു മുന്‍പ് പാര്‍ട്ടി സെക്രട്ടേറിയറ്റിലാണ് ചര്‍ച്ച ചെയ്യുന്നതെന്നും, ഇത് ചരിത്രത്തിലില്ലാത്ത നടപടിയാണെന്നും വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സഭയില്‍ അവതരിപ്പിച്ച സബ്മിഷന് മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറയുകയായിരുന്നു മന്ത്രി. ജേക്കബ് തോമസിനെ സംബന്ധിച്ച കാര്യങ്ങള്‍ സിപിഎം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിട്ടില്ല. സിപിഎം സെക്രട്ടേറിയറ്റില്‍ നടക്കുന്ന കാര്യങ്ങള്‍ അതിലെ അംഗങ്ങള്‍ക്ക് മാത്രമേ മനസിലാക്കാനാകൂ. ചെന്നിത്തല സിപിഎം സെക്രട്ടേറിയറ്റ് അംഗമല്ല. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷനേതാവ് പ്രസ്താവന നടത്തുന്നത് ശരിയല്ല. ഉദ്യോഗസ്ഥരുടെ മാറ്റങ്ങള്‍ തീരുമാനിക്കുന്നതു വകുപ്പു മന്ത്രിയാണ്. ഉദ്യോഗസ്ഥനെ മാറ്റാന്‍ തീരുമാനിച്ചാല്‍ അത് ഉടന്‍തന്നെ നടപ്പിലാക്കുന്നതില്‍ മറ്റ് തടസമില്ല. തീരുമാനം ആവശ്യമാണെങ്കില്‍ ഉചിതമായ സമയത്ത് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ബാലന്‍ പറഞ്ഞു. ജേക്കബ് തോമസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കത്തു നല്‍കിയതിനുപിന്നില്‍ ഇ.പി.ജയരാജന്‍ വിഷയമാണോ, തുറമുഖ വകുപ്പില്‍നടന്ന സാമ്ബത്തിക ക്രമക്കേടുകളാണോയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നു ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിലക്കുനിര്‍ത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.