തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെതിരായ ലൈംഗിക സംഭാഷണ ടേപ്പ് ഹണി ട്രാപ്പാണെന്നും കുടുക്കിയത് ചാനല്‍ ലേഖികയാണെന്നും പരസ്യമായി സമ്മതിച്ച് ചാനലിന്റെ ഖേദ പ്രകടനം നടത്തിയതോടെ എ.കെ. ശശീന്ദ്രനെ കുടുക്കിയ സംഭവത്തില്‍ ഗൂഢാലോചനാ കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വിവാദ ചാനല്‍ കുറ്റകരമായ ഗൂഢാലോചനയാണ്, നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായും എഫ്.ഐ.ആറില്‍ പറയുന്നു. ഐ.ടി ആക്ടിലെ വകുപ്പുകളും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അശ്ലീല സംഭാഷണം ചാനലില്‍ സംപ്രേഷണം ചെയ്തത്, ഫോണ്‍ സംഭാഷണം ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ എഫ്.ഐ.ആറില്‍ ആരോപിച്ചിട്ടുണ്ട്. വിവാദ ചാനലിന്റെ മേധാവി ആര്‍. അജിത് കുമാര്‍ അടക്കം ഒന്‍പതു പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിനാണ് അന്വേഷണചുമതല.