തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍വിളി വിവാദ കേസില്‍ പ്രതികള്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരായി. ചാനല്‍ മേധാവി ഉള്‍പ്പെടെയുള്ള എട്ടു പ്രതികളാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി ഹാജരായത്. പ്രതികളോട് ചോദ്യം ചെയ്യലിന് എത്താന്‍ അന്വേഷണ സംഘം നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ ചാനല്‍ മേധാവി ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ഒഴിവാക്കണമെന്നുകാട്ടി കോടതിയെ സമീപിച്ചെങ്കിലും കേസ് വ്യാഴാഴ്ചത്തേക്കു മാറ്റി. അന്വേഷണത്തോടു സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. ചാനലിലെ ഓഫീസിലെ കംപ്യട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.