കൊച്ചി ; കോടികൾ വിലമതിക്കുന്ന കൊക്കെയിൻ വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കെനിയൻ സ്വദേശി കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ. ഇയാൾ ആദ്യമായാണ് ഇന്ത്യയിൽ വരുന്നത്. കൊച്ചിയിൽ ഇറങ്ങിയ ശേഷം ബംഗളൂരുവിലേക്കോ ഡൽഹിയിലേക്കോ പോകാനായിരിക്കാം ഇയാൾ പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. മുംബൈ, ബെംഗളൂരു ഡൽഹി വിമാന ത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതിനാലാണ് കെനിയൻ സ്വദേശി കരഞ്ച മൈക്കിൾ നംഗ കൊച്ചിയിലേക്ക് കൊക്കെയിനു മായി എത്തിയത്.
കൊക്കെയിൻ കടത്തുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ട്രോളി ബാഗിനടിയിൽ പ്രത്യേകം അറയുണ്ടാക്കി അവിടെ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തുന്ന രീതിയാണ് പൊതുവേ ഇവർ സ്വീകരിച്ചു വരുന്നത് .മുംബൈ, ബംഗളൂരു, ഡൽഹി തുടങ്ങിയ വിമാനത്താവളങ്ങളിൽ ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് കൂടുതലായി പിടികൂടാൻ തുടങ്ങിയതോടെയാണ് ആഫ്രിക്കൻ സ്വദേശികൾ കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാൻ തുടങ്ങിയത്.
ആഫ്രിക്കൻ സ്വദേശികൾ ഇത്തരത്തിൽ വൻതോതിൽ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കൊച്ചിയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിൽ വന്നിറങ്ങുന്ന ആഫ്രിക്കൻ സ്വദേശികളുടെ ആഗമനലക്ഷ്യം, വിസ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രത്യേകം നിരീക്ഷിക്കാൻ കസ്റ്റംസിന് നിർദേശം നൽകിയിട്ടുണ്ട്.