തിരുവനന്തപുരം : കശുമാവ് കൃഷി വ്യാപനത്തിലൂടെ തോട്ടണ്ടി ഉത്പാദനത്തിൽ വർദ്ധനവിനും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് – ഹാർബർ എൻജിനിയറിങ് – കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു.
നെട്ടുകാൽത്തേരി തുറന്ന ജയിലിലെ 25 ഏക്കർ മാതൃകാ കശുവണ്ടി തോട്ടത്തിന്റെ തൈ നടീൽ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
കശുവണ്ടി വികസന ഏജൻസി വഴി തുറന്ന ജയിലിൽ ആരംഭിക്കുന്ന മാതൃകാ കൃഷിത്തോട്ടം കാലക്രമത്തിൽ കശുവണ്ടി ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായ പ്രവർത്തനമാണ്. കൂടുതൽ ജയിലുകളിൽ സ്ഥലം ലഭ്യമാക്കി കശുമാവിൻ കൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ആറ് ലക്ഷം ടൺ കശുവണ്ടി സംസ്ഥാനത്തിന് ആവശ്യമുള്ളപ്പോൾ 83,000 ടൺ ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.
മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളാണ് കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്നത്. ഇവരിൽ 80 ശതമാനത്തിലധികവും വനിതകളാണ്. കശുവണ്ടി തൊഴിലാളികൾക്ക് 200 ദിവസമെങ്കിലും തൊഴിൽ നൽകണം. ഇതിനാവശ്യമായ കശുവണ്ടി സംസ്ഥാനത്തു തന്നെ ഉത്പാദിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ അധികാരത്തിലെത്തിയതിനുശേഷം പുതിയതായി 12,100 ഹെക്ടർ സ്ഥലത്ത് കശുവണ്ടി വികസന ഏജൻസി വഴി കശുമാവ് കൃഷി ആരംഭിച്ചു. ഏജൻസിയുടെ നേതൃത്വത്തിൽ 39,418 ഹെക്ടർ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുന്നുണ്ട്. സംസ്ഥാനത്തുല്പാദിപ്പിക്കുന്ന കശുവണ്ടി കാഷ്യൂ ബോർഡിന്റെ നേതൃത്വത്തിൽ സമാഹരിച്ച് കാപ്പെക്‌സിനും കാഷ്യൂ കോർപ്പറേഷനും നൽകുന്നു.
സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ തരിശായി കിടക്കുന്ന 25 ഏക്കറിൽ കൂടുതലുള്ള സ്ഥലം ഉപയോഗ പ്പെടുത്തി മാതൃകാ കൃഷിത്തോട്ടം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള കശുമാവ് തൈകൾ കാർഷിക സർവകലാശാല കശുമാവ് ഗവേഷണ കേന്ദ്രമായ മാടക്കത്തറ, കേന്ദ്ര കശുമാവ് ഗവേഷണ കേന്ദ്രമായ ഐ. സി. എ.ആർ, പുതൂർ എന്നിവിടങ്ങളിലാണ് ഉത്പാദിപ്പിക്കുന്നത്. മൂന്ന് വർഷം കൊണ്ട് ഫലം തരുന്ന അധികം ഉയരം വെയ്ക്കാത്ത അത്യുല്പാദനശേഷിയുള്ള തൈകളാണ് വികസന ഏജൻസി വഴി കർഷകർക്ക് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
ഡയറക്ടർ ജനറൽ ഓഫ് പ്രിസൺ ഋഷിരാജ് സിംഗ്, പ്രിസൺ ഡി.ഐ.ജി. എസ്. സന്തോഷ്, ഡി.ഐ.ജി. പി. അജയകുമാർ, നെട്ടുകാൽത്തേരി തുറന്ന ജയിൽ സൂപ്രണ്ട് ബി. രമേഷ് കുമാർ, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. അജിത, കാഷ്യു സ്‌പെഷ്യൽ ഓഫീസർ കെ. ഷിരീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.