അസാധ്യമെന്ന് കരുതിയ പദ്ധതികള്‍ പ്രാവര്‍ത്തി കമാക്കിയ ഇച്ഛാശക്തിയുടെയും കര്‍ത്തവ്യ ബോധത്തിന്റെയും മാതൃകയാണ് സംസ്ഥാന ഗവണ്‍മെന്റെന്ന് തുറമുഖ ,പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞത്ത് നടന്ന കോവളം മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കോവിഡ്,പ്രളയ ദുരന്തങ്ങളെയടക്കം അതിജീവിച്ചവരാണ് നാം.അസാധ്യമെന്ന ചിന്തയില്ലാത്തതിന്റെ മികച്ച മാതൃകയാണ് വിഴിഞ്ഞം തുറമുഖം, ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, ഇടമണ്‍ കൊച്ചി പവര്‍ ഗ്രിഡ് എന്നീ വികസന പദ്ധതികളുടെ പൂര്‍ത്തീകരണം. വിഴിഞ്ഞത്തെ ജനങ്ങള്‍ക്ക് സഹായകരമാകുന്ന പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും ചില കോണുകളില്‍ നടന്നു. എന്നാല്‍ അതിനെ അതിജീവിച്ച് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായി രിക്കുകയാണ് .
ആദ്യ ഘട്ടത്തില്‍ 10 ലക്ഷം ടി യു കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാന്‍ വിഴിഞ്ഞത്ത് കഴിയും. പാറയുടെ ലഭ്യതയില്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരുമായി സഹകരിച്ചു കൊണ്ട് ഗവണ്‍മെന്റ് തരണം ചെയ്തു.ദൈനംദിന അവലോകന യോഗങ്ങളും ,കലണ്ടര്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങളുമായാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ സര്‍ക്കാര്‍ ഏകോപിപ്പിച്ചത്. 2,960 മീറ്റര്‍ പുലിമുട്ട് നിര്‍മാണം നിലവില്‍ പൂര്‍ത്തിയാക്കി.
വിഴിഞ്ഞം ബാലരാമപുരം റയില്‍ അനുമതി, ലോജിസ്റ്റിക്‌സ് മേഖലയില്‍ 2000പ്രദേശവാസികള്‍ക്ക് നേരിട്ട് ജോലി നല്‍കുന്നതിനുള്ള പരിശീലനത്തിനായി 80 കോടി രൂപ ചെലവില്‍ അസാപ്പ് തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രത്തിന്റെ നിര്‍മാണം എന്നിവ പൂര്‍ത്തിയാക്കി.ബേപ്പൂര്‍, കൊല്ലം, അഴീക്കല്‍ വിഴിഞ്ഞം തുറമുഖങ്ങള്‍ക്ക് ഐ എസ് പി എസ് കോഡ് ലഭിക്കുന്നതോടെ ചരക്ക് കപ്പലുകള്‍ക്കൊപ്പം യാത്രാ കപ്പലുകള്‍ക്കും എത്തിച്ചേരാന്‍ കഴിയും. അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് യാത്ര നടത്തുന്നതിന് വിവിധ ഷിപ്പിംഗ് കമ്പനികള്‍ താല്‍പര്യമറിയിച്ചു.
പ്രതിപക്ഷ കക്ഷികളുടെ തെറ്റായ നിലപാടുകളെക്കു റിച്ച് പ്രബുദ്ധരായ കേരളീയര്‍ക്ക് ധാരണയുണ്ട്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെയടിസ്ഥാനമാക്കി പ്രോഗ്രസ് കാര്‍ഡവതരിപ്പിച്ച ഗവണ്‍മെന്റാണിത്. സോഷ്യല്‍ ഓഡിറ്റിന് വിധേയമായി വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിനുള്ള അംഗീകാരമാണ് നവകേരള സദസ്സിലേക്കൊഴുകിയെത്തുന്ന പതിനായിരങ്ങളെന്നും മന്ത്രി പറഞ്ഞു.