ന്യൂഡൽഹി: ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. 48 മണിക്കൂർ ദേശീയ പണിമുടക്ക് ഞായറാഴ്ച അർദ്ധരാത്രിയോടെ തുടങ്ങി ചൊവ്വാഴ്ച അർദ്ധരാത്രി വരെ നീളും. തൊഴിലാളികളേയും കർഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിക്ഷേധി ച്ചാണ് പണിമുടക്ക്
പാൽ, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മോട്ടോർ വാഹന തൊഴിലാളികൾ,ബാങ്ക്, റെയിൽവേ, വൈദ്യുതി തുടങ്ങിയ മേഖല കളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കും. സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും താളംതെറ്റും കഴിഞ്ഞ നാല് ദിവസമായി സ്വകാര്യ ബസ് സമരത്തിൽ നട്ടം തിരിഞ്ഞ കേരളത്തിലെ സാധാരണക്കാരന് രണ്ടു ദിവസത്തെ പണിമുടക്ക് കൂടുതൽ ആഘാതം സൃഷ്ടിക്കും.
കൽക്കരി, ഉരുക്ക്, എണ്ണ, ടെലികോം, തപാൽ, ആദായ നികുതി, ഇൻഷുറൻസ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴിലാളി യൂണിയനുകൾ പ്രസ്താവനയിൽ അറിയിച്ചു. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കരുതെന്ന് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
കട കമ്പോളങ്ങൾ അടച്ചിടണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട് തുറക്കുന്ന കടകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ബാങ്കുകൾ പ്രവർത്തിക്കുമോ? വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലുള്ള ദ്വിദിന ദേശീയ പണിമുടക്കിൽ ബാങ്ക് തൊഴിലാളി യൂണിയനുകളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.