ഉത്തര്‍പ്രദേശ്: താടിയില്‍ പിടിച്ചുവലിച്ച പൊലീസുകാരന് നേര്‍ക്ക് വാളെടുത്ത് സിഖ് മത വിശ്വാസിയായ ട്രക്ക് ഡ്രൈവര്‍. ഷംലി-മുസാഫര്‍നഗര്‍ അതിര്‍ത്തിയിലാണ് താടിയില്‍ പിടിച്ച പൊലീസുകാരനെതിരെ സിഖ് മത വിശ്വാസിയായ ട്രക്ക് ഡ്രൈവര്‍ വാളോങ്ങിയത്.
ട്രക്ക് ഡ്രൈവറായ സിഖുകാരന്‍ പൊലീസ് വാഹനത്തിന് വഴി കൊടുക്കാതെ വാഹനമോടിച്ചതിന്‍റെ പേരില്‍ തുടങ്ങിയ വാക്കുതര്‍ക്കമാണ് ഒടുവില്‍ കയ്യാങ്കളിയില്‍ കലാശിച്ചത്. സൈഡ് നല്‍കാതെ വാഹനമോടിച്ചതിന് പൊലീസുകാര്‍ ഡ്രൈവറെ തടഞ്ഞു. പരസ്പരം വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ ഒരു പൊലീസുകാരന്‍ ഡ്രൈവറായ സിഖ് മത വിശ്വാസിയുടെ താടിയില്‍ പിടിച്ചു വലിച്ചു.
ഇതോടെ രോഷാകുലനായ സിഖുകാരന്‍ പൊലീസുകാരനെ പിന്നിലേക്ക് തള്ളി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഡ്രൈവര്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന വാളെടുത്ത് പൊലീസിന് നേര്‍ക്ക് വരികയായിരുന്നു. ആള്‍ക്കൂട്ടത്തില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ വഴിയാണ് പുറത്തുവന്നത്.